കല്ലറ (തിരുവനന്തപുരം): കല്ലറ ഗവ. വി.എച്ച്.എസ്.എസിനും കല്ലറ ഗ്രാമത്തിനും അഭിമാനമായി ദേശീയ അദ്ധ്യാപക പുരസ്കാരം നേടിയ കിഷോർ കുമാർ. കല്ലറ സ്വദേശിയായ കിഷോറിനെ ആദരിക്കാൻ ഒരുങ്ങുകയാണ് സ്കൂളും നാട്ടുകാരും. പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ പെൺകുട്ടികളെ ശാക്തീകരിക്കുന്നതിനുള്ള പ്രവർത്തനമാണ് കിഷോറിനെ ദേശീയ അവാർഡിന് അർഹനാക്കിയത്.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായ പുതുമയും സൃഷ്ടിപരമായ ഇടപെടലുകളും അദ്ധ്യാപനരംഗത്ത് കൊണ്ടുവരാനും അദ്ദേഹത്തിനായി. സ്‌കൂളുകളിൽ നിന്നുള്ള പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു.
അന്വേഷണാത്മക പഠനത്തെ പ്രോത്സാഹിപ്പിക്കുകയും, കുട്ടികളിലെ വൈവിദ്ധ്യമാർന്ന കഴിവുകളെ പുറത്തുകൊണ്ടുവരികയും ചെയ്യുന്ന അദ്ദേഹത്തിന്റെ വേറിട്ട പ്രവർത്തനങ്ങളും ദേശീയ ബഹുമതിക്ക് അർഹനാക്കി. ക്ലാസ് മുറിയെ “ദ ഗ്രോയിംഗ് ക്ലാസ് റൂം” എന്ന ആശയത്തിലൂടെ വിപുലീകരിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടിയിരുന്നു. കുട്ടികളുടെ പഠനത്തെ പിന്തുണയ്ക്കുന്ന നിരവധി ലഘുചിത്രങ്ങൾക്ക് അദ്ദേഹത്തിന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കാന്തല്ലൂർ, ദ യൂണിക്ക് ഫോക്ക് ആർട്ട് ഓഫ് ട്രാവൻകൂർ, സൈലന്റ് ഇൻവേഷൻ തുടങ്ങിയ അദ്ദേഹത്തിന്റെ ഡോക്യുമെന്ററികൾ ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരുന്നു. സംസ്ഥാനതല പഠനോപകരണ നിർമ്മാണ മത്സരത്തിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. 2024ൽ കേരള സർക്കാരിന്റെ മികച്ച അദ്ധ്യാപകനുള്ള അവാർഡും ലഭിച്ചിട്ടുണ്ട്. പ്രീ പ്രൈമറി പാഠപുസ്തക സമിതിയംഗം കൂടിയാണ്.
113 വർഷം പിന്നിടുന്ന കല്ലറ വി.എച്ച്.എസ്.എസിലെ പൂർവ വിദ്യാർത്ഥി കൂടിയാണ് കിഷോർ. റിട്ട. അദ്ധ്യാപകൻ മോഹൻരാജിന്റെയും മുൻ പഞ്ചായത്ത് അംഗം വി. ശിവകുമാരിയുടെയും മകനാണ്. ഭാര്യ ജിഷ. മകൾ നക്ഷത്ര.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |