തൃശൂർ: നിരവധി പരാതികൾക്ക് ശേഷം കോർപ്പറേഷനിലെ ഓട്ടോമാറ്റിക് മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം പ്രവർത്തനം തുടങ്ങിയെങ്കിലും കോർപറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ജില്ലാ ജനറൽ ആശുപത്രിയിലെ മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയം ഇപ്പോഴും നോക്കുകുത്തി. ഒരു കോടിയിലേറെ രൂപ ചെലവിൽ മൂന്ന് നിലകളിലായി 12 കാറുകൾ പാർക്ക് ചെയ്യാനുള്ള സംവിധാനമാണിത്.
കഴിഞ്ഞ ഡിസംബർ 20നാണ് കോർപറേഷനിലെ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തത്. ശേഷം ആറുമാസങ്ങൾക്ക് ശേഷമാണ് പാർക്കിംഗ് സമുച്ചയം തുറന്നത്. നിറുത്തിയിടുന്ന കാറുകൾ കുടുങ്ങിയതിനെ തുടർന്ന് കോർപറേഷൻ വളപ്പിലെ പാർക്കിംഗ് സമുച്ചയത്തിനെതിരെയും മേയർക്കെതിരെയും നിരവധി ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തിയിരുന്നു. കോയമ്പത്തൂരിലെ കമ്പനിയാണ് ജനറൽ ആശുപത്രിയിലെയും കോർപ്പറേഷൻ വളപ്പിലെയും മൾട്ടിലെവൽ പാർക്കിംഗ് സമുച്ചയം നിർമ്മാണത്തിന് കരാർ ഏറ്റെടുത്തിരുന്നത്. കോർപ്പറേഷനിലെ പാർക്കിംഗ് സൗകര്യം ഇടയ്ക്കിടെ തകരാറിലാകുന്നത് പരാതിക്ക് ഇടയാക്കിയതാണ് ആശുപത്രിയിലെ തുറക്കാൻ വൈകുന്നതിന് ഇടയാക്കുന്നത്.
പാർക്കിംഗ് പ്രശ്‌നം
കുറ്റമറ്റ രീതിയിൽ പ്രവർത്തനം തുടങ്ങാനാണ് ആശുപത്രിയിലെ പാർക്കിംഗ് സമുച്ചയത്തിന്റെ ഉദ്ഘാടനം വൈകിക്കുന്നതെങ്കിലും ഇനിയെന്ന് എന്നതാണ് ചോദ്യം. കോർപറേഷൻ ഭരണസമിതിയുടെ കാലാവധി തീരാൻ മാസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഒ.പിയിലും മറ്റും വൻതിരക്ക് അനുഭവപ്പെടുന്ന ആശുപത്രിയിൽ പാർക്കിംഗ് സൗകര്യം കുറവാണ്. ഈ പരിമിതി മറികടക്കാൻ സഹായകമാകുന്ന മൾട്ടി ലെവൽ പാർക്കിംഗ് സംവിധാനം ഉടൻ പ്രവർത്തനം ആരംഭിക്കണമെന്നതാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |