തിരുവനന്തപുരം: 'പിള്ളേർക്കും ബന്ധുക്കൾക്കുമുള്ള ഓണക്കോടികൾ എടുത്തോ?..
'രണ്ടെണ്ണം വീതം എടുത്തു'
'പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങിച്ചോ?'
അതെല്ലാം അടുക്കളയിൽ റെഡിയാണ് !'
പിന്നെന്തിനാ ഈ ഓട്ടം?
ഉത്രാമടല്ലേ, ഓടണമെന്നാണല്ലോ നാട്ടുനടപ്പ്?
കേരളത്തിലെ ശരാശരി കുടുംബങ്ങളിൽ നാളെ കാണുന്ന കാഴ്ച്ചയാണിത്. ഓണത്തിനുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞാലും അവസാനനിമിഷം ഒരു ഓട്ടം, അത് മലയാളിക്ക് നിർബന്ധമാണ്. ഉപ്പു തൊട്ട് കർപ്പൂരം വരെ ഒരുക്കിയിട്ടുണ്ടെങ്കിലും എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന ആശങ്ക ഉടലെടുക്കുന്നതോടെ മലയാളികൾ നാളെ വൈകിട്ട് നിരത്തുകളിലേയ്ക്ക് ഇറങ്ങും. സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ മേളവും ദീപാലങ്കാരവും ചേരുന്നതോടെ നഗരവീഥികൾ ആഘോഷത്തിമിർപ്പിലാവും. തിരക്കിനെക്കാൾ ഉത്രാടം ഒരു ഒഴുക്കാണ്. കിഴക്കേക്കോട്ടയിലെ തുണിക്കടയിൽ നിന്നാൽ പിന്നിലും മുന്നിലുമുള്ള തിക്കിത്തിരക്കിൽ പാളയത്തെത്താം. വൈകാതെ ചാലയിലും. ഉപ്പേരിയും അച്ചാറും തുടങ്ങി തൂശനിലയും മഞ്ഞക്കോടിയും വരെ നാളെ വാങ്ങാൻ കാത്തിരിക്കുന്നവരുണ്ട്. ഓണക്കാല റീലുകളും ഫോട്ടോഷൂട്ടും പുതിയ ട്രെൻഡ് ആയതിനാൽ ഫാൻസി ഷോപ്പുകൾക്കും വസ്ത്രശാലകൾക്കും ആ വകയിലും വലിയ കോള് തരപ്പെടുന്നുണ്ട്. തുണിക്കടകൾ രാത്രി വൈകിയേ അടയ്ക്കാറുള്ളൂ. ഷോപ്പിംഗിന് എത്തുന്നവരുടെ രാത്രി ഭക്ഷണം പുറത്തു നിന്നായതിനാൽ തട്ടുകടകൾക്കും റസ്റ്റോറന്റുകൾക്കും കച്ചവടം കിട്ടുന്നുണ്ട്. ഒന്നാം ഓണം 'ഓടിയും ചാടിയും' കളറാക്കാനാണ് കുട്ടികൾക്ക് പ്രിയം. വിദേശത്തുള്ളവരും മറ്റിടങ്ങളിൽ താമസിക്കുന്നവരും കുടുംബവീടുകളിൽ ഒത്തുകൂടും. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനും തമ്പാനൂർ ബസ് സ്റ്റാൻഡും ഓണത്തിരക്കിൽ അർമാദിക്കും.
കാണം വിറ്റും പൂ വാങ്ങണം
പൂക്കടകളിലെ ഉത്രാടത്തിരക്ക് ചെറുതല്ല. അത്തം ദിനത്തിൽ ആരംഭിക്കുന്ന പൂക്കളത്തിൽ ഭീമൻ ഉത്രാടപൂക്കളാണ്. ക്ലബുകളും അസോസിയേഷനുകളും സ്വകാര്യസ്ഥാപനങ്ങളുമാണ് പൂക്കളുടെ ഏറ്റവും വലിയ ആവശ്യക്കാർ. ഡിമാൻഡിട്ട് ചിരിക്കുന്ന ജമന്തിയുടെയും വാടാമല്ലിയുടെയും മുല്ലയുടെയും വില കേൾക്കുമ്പോൾ ഉള്ളൊന്ന് കാളും. എങ്കിലും കാണം വിറ്റും തിരുവോണം ഉണ്ണാനുള്ള ഉത്സാഹത്തിൽ പൂക്കളും വാങ്ങി വീട്ടിലെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |