ജി.എസ്.ടി പ്രഖ്യാപനം കാത്ത് വിപണി
കൊച്ചി: ആഗോള വ്യാപാര അനിശ്ചിതത്വങ്ങളിൽ വലയുന്ന രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസം പകരുന്ന ജി.എസ്.ടി പരിഷ്കരണ പ്രഖ്യാപനം കാത്ത് നിക്ഷേപകർ. സാധാരണക്കാർ ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച് ശതമാനമായും കൺസ്യൂമർ ഉത്പന്നങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായും കുറയ്ക്കാനാണ് ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. ആഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് ജി.എസ്.ടി നിരക്കുകൾ കുറയ്ക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. തൊട്ടുപിന്നാലെ ആറ് സംസ്ഥാന മന്ത്രിമാരുടെ മന്ത്രിതല സമിതിയും ജി.എസ്.ടി ഏകീകരണത്തിന് അനുമതി നൽകി. പരോക്ഷ നികുതി പരിഷ്‌കരണത്തിന് അന്തിമ അനുമതി നൽകുന്നതിനായി രണ്ട് ദിവസത്തെ ജി.എസ്.ടി കൗൺസിൽ യോഗത്തിന് ഇന്ന് തുടക്കമാകും. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന രണ്ട് ദിവസത്തെ ജി.എസ്.ടി കൗൺസിൽ യോഗം സംസ്ഥാനങ്ങളുടെ ആശങ്കകൾ ചർച്ച ചെയ്യും.
ജി.എസ്.ടി പരിഷ്‌കരണം
നിലവിലുള്ള ജി.എസ്.ടി സ്ളാബുകൾ നാലിൽ നിന്ന് രണ്ടായി കുറയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ നിർദേശം. 12%, 28% എന്നീ സ്ളാബുകൾ ഒഴിവാക്കി 5%, 18% എന്നീ സ്ളാബുകൾ നിലനിറുത്തും. ഇതോടെ നിലവിൽ 12 ശതമാനം സ്ളാബിലുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും ജി.എസ്.ടി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം ഈടാക്കുന്ന കൺസ്യൂമർ ഉത്പന്നങ്ങളിൽ ഭൂരിഭാഗത്തിന്റെയും നികുതി 18 ശതമാനമാകും.
വില കുറയുന്ന ഉത്പന്നങ്ങളും സേവനങ്ങളും
ടാൽകം പൗഡർ, ടൂത്ത് പേസ്‌റ്റ്, ബ്രഷ്, നെയ്യ്, വെണ്ണ, കംപ്യൂട്ടർ, പാക്കേജ്ഡ് ജ്യൂസ്, കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ, ചെറു ഹൈബ്രിഡ് കാറുകൾ
ഉത്സവ കാലം ആഘോഷമാകും
നവരാത്രി, ദീപാവലി തുടങ്ങിയ ഉത്സവകാലയളവിൽ ഉപഭോഗ ഉണർവിന് ജി.എസ്.ടി നിരക്കിലെ ഇളവ് ഗുണമാകും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ വർദ്ധനയിൽ വലയുന്ന രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് തീരുമാനം ഏറെ ആശ്വാസകരമാകും. വിപണിയിൽ ഉപഭോഗം വർദ്ധിപ്പിച്ച് സാമ്പത്തിക മേഖലയ്ക്ക് ഉണർവ് സൃഷ്‌ടിക്കാനാണ് ലക്ഷ്യമിടുന്നത്.
തീരുമാനം ഒക്ടോബറിൽ പ്രാബല്യത്തിലായേക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |