കണ്ണൂർ: ശബരിമല അയ്യപ്പ സംഗമത്തിൽ സംസ്ഥാന സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ നേരത്തെ യുവതി പ്രവേശന പ്രക്ഷോഭവവുമായി ബന്ധപ്പെട്ടു സമരം നടത്തിയവർക്കെതിരായ കേസുകൾ പിൻവലിക്കണമെന്ന് രാജ്യസഭാ എം.പി യും ബി.ജെ.പി സംസ്ഥാന ഉപാദ്ധ്യക്ഷനുമായ സി. സദാനന്ദൻ പറഞ്ഞു. കണ്ണൂർ പ്രസ് ക്ളബ്ബിൽ നടത്തിയ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാര്യത്തിൽ സർക്കാരിന്റെ ഉദ്യേശശുദ്ധിയിൽ തനിക്കു മാത്രമല്ല, പാർട്ടിക്കും സംശയമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേസുകളും മറ്റു ചിലതും വളരെ പെട്ടെന്ന് തന്നെ പിൻവലിച്ചിട്ടുണ്ട്.
എന്നാൽ ശബരിമല വിഷയത്തിൽ അതുണ്ടായില്ല. ശബരിമലയിൽ യുവതി പ്രവേശനത്തിനെതിരെ ദേവസ്വം ബോർഡ് കോടതിയിൽ അപ്പീൽ നൽകാൻ പോകുന്നുവെന്ന കാര്യം സ്വാഗതാർഹമാണ്. ശബരിമലയിൽ ദർശനം നടത്തുന്നവരിൽ ഭൂരിഭാഗവും ഭരിക്കുന്ന പാർട്ടിയുമായി അടുപ്പമുള്ളവരാണ്. എന്നാൽ അടുപ്പമുള്ളവരെ ദ്രോഹിക്കുന്ന സമീപനമാണ് സർക്കാരും ഭരിക്കുന്നപാർട്ടിയും സ്വീകരിച്ചത്.
കണ്ണൂർ വിമാനത്താവളത്തിന്റെ വികസനമുണ്ടായാൽ ഒരു പ്രദേശത്തിനും ജില്ലയ്ക്കും തന്നെ അതു പ്രയോജനം നൽകും. പോയന്റ് ഓഫ് കോൾ പദവി അനുവദിക്കുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രിയുമായി നേരിട്ടല്ലാതെ ബന്ധപ്പെട്ടിട്ടുണ്ട്. ഈ കാര്യത്തിൽ അനുമതി കിട്ടുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് പരിശ്രമിക്കും. മീറ്റ് ദ പ്രസിൽ പ്രസ് ക്ളബ്ബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത് പങ്കെടുത്തു. പ്രസ് ക്ളബ്ബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് സ്വാഗതവും കെ.സതീശൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |