കോഴഞ്ചേരി: ബന്ധുക്കൾക്കൊപ്പം ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യയിൽ പങ്കെടുത്ത ശേഷം പമ്പാനദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയും ബന്ധുവായ കുട്ടിയും ഒഴുക്കിൽപ്പെട്ടെങ്കിലും ഇവരെ രക്ഷപ്പെടുത്തി. കായംകുളം കൃഷ്ണപുരം ചേരാവള്ളി സ്വദേശി കണ്ണങ്കര വീട്ടിൽ ഭാസ്കരൻ പിള്ളയുടെ മകൻ വിഷ്ണു (42) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മാലക്കര പള്ളിയോടത്തിന് ഇന്നലെ നടത്തിയ വഴിപാട് വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയിരുന്നു ഇവർ. സദ്യ കഴിഞ്ഞ് കുളിക്കാനിറങ്ങിയതിനിറങ്ങിയതാണ്. വിഷ്ണവിനൊപ്പം ബന്ധുവായ പതിമൂന്ന് വയസുകാരനും കുളിക്കാനിറങ്ങി. കുട്ടി ഒഴുക്കിൽപ്പെട്ടപ്പോൾ രക്ഷിക്കാൻ ശ്രമിച്ച വിഷ്ണുവിന്റെ ഭാര്യ രേഖയും ഒഴുക്കിൽപ്പെട്ടു . ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ വിഷ്ണുവും ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിനിടെ കുട്ടി കരയ്ക്കുകയറി. 20 മീറ്ററോളം ഒഴുകിപ്പോയ രേഖയെ നാട്ടുകാർ രക്ഷപ്പെടുത്തിയെങ്കിലും വിഷ്ണുവിനെ കാണാതായി. . പത്തനംതിട്ട ദുരന്ത നിവാരണ സേനയും ഫയർ ആൻഡ് റസ്ക്യൂ ടീമും നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറരയോടെ മൃതദേഹം കണ്ടെത്തി. മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ . ആറന്മുള പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ ഉദ്യോഗസ്ഥനാണ് വിഷ്ണു. ഭാര്യ രേഖ കായംകുളം സെന്റ് മേരീസ് സ്കൂളിലെ ജീവനക്കാരിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |