കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തായ ബഷീറുദീൻ അറസ്റ്റിൽ. ഇയാൾക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട് അത്തോളി സ്വദേശിനി ആയിഷ റഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ നടന്ന ദിവസം തന്നെ ബഷീറുദീനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ ട്രെയിനറായിരുന്ന ജിമ്മിൽ കഴിഞ്ഞ ദിവസം ഓണാഘോഷം നടന്നിരുന്നു. എന്നാൽ ആഘോഷത്തിന് പോകാൻ ആയിഷ റഷ സമ്മതിച്ചിരുന്നില്ല. ഇത് വകവയ്ക്കാതെ ബഷീറുദീൻ ഓണാഘോഷത്തിന് പോയെന്ന് പൊലീസ് പറയുന്നു.
പിന്നീട് ആയിഷ ബഷീറുദീന് അയച്ച വാട്സ്ആപ് ചാറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. എന്റെ മരണത്തിന് കാരണം നീയായിരിക്കുമെന്നാണ് സന്ദേശം. യുവതിയുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പൊലീസ് മൊഴിയെടുക്കും. അതേസമയം ആയിഷ ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ പറയുന്നു. ബഷീറുദീൻ ഭീഷണിപ്പെടുത്തിയെന്നും അവർ ആരോപിച്ചു. ആയിഷയെ ഇയാൾ മർദ്ദിച്ചതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു. രണ്ടു വർഷമായി ഇരുവരും അടുപ്പത്തിലായിരുന്നു. മംഗലാപുരത്ത് ഫിസിയോ തെറാപ്പി പഠിക്കുകയായിരുന്ന ആയിഷ മൂന്ന് ദിവസം മുമ്പാണ് കോഴിക്കോട്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |