തിരുവനന്തപുരം: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ഓണം വാരാഘോഷത്തോടനുബന്ധിച്ച് ഇന്നുമുതൽ 9വരെ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.
ക്രമീകരണം ഇങ്ങനെ
കവടിയാർ മുതൽ അട്ടക്കുളങ്ങര വരെയുള്ള പ്രധാന റോഡിലും,ഓണാഘോഷ പരിപാടികൾ നടക്കുന്ന വേദികൾക്ക് സമീപമുള്ള റോഡുകളിലും ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നഗരത്തിൽ പ്രധാന റോഡുകളിലും ഇടറോഡുകളിലും പാർക്കിംഗ് പാടില്ല.അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം പാർക്ക് ചെയ്യണം. അനധികൃതമായും ഗതാഗത തടസം സൃഷ്ടിച്ചും പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും.
വാഹനങ്ങൾ പാർക്ക് ചെയ്തശേഷം ഓണാഘോഷ പരിപാടി കാണാൻ പോകുമ്പോൾ,വാഹനത്തിന് മുന്നിൽ ഡ്രൈവറുടെ ഫോൺ നമ്പർ പ്രദർശിപ്പിക്കണം.
കാൽനടയാത്രക്കാർ റോഡിൽ ഗതാഗത തടസമുണ്ടാക്കുംവിധം യാത്ര ചെയ്യാൻ പാടില്ല. പരമാവധി ഫുട്പാത്തിൽകൂടി യാത്ര ചെയ്യണം.
വെള്ളയമ്പലം മ്യൂസിയം റോഡിൽ ഗതാഗതത്തിരക്ക് അനുഭവപ്പെടുമ്പോൾ വെള്ളയമ്പലം ഭാഗത്ത് നിന്നും കോർപ്പറേഷൻ ഭാഗത്തു നിന്നും വാഹനങ്ങൾ വഴിതിരിച്ചുവിടും.
പാർക്ക് ചെയ്യേണ്ടത് ഇവിടെ
ഓണാഘോഷത്തോടനുബന്ധിച്ച് യൂണിവേഴ്സിറ്റി ഓഫീസ് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് ഗ്രൗണ്ട്. കേരള വാട്ടർ അതോറിട്ടി കോമ്പൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം പാർക്കിംഗ്,പബ്ലിക് ഓഫീസ് കോമ്പൗണ്ട്, കവടിയാർ സാൽവേഷൻ ആർമി സ്‌കൂൾ ഗ്രൗണ്ട്, ടാഗോർ തിയേറ്റർ പാർക്കിംഗ്,സെന്റ് ജോസഫ് സ്‌കൂൾ ഗ്രൗണ്ട്, വഴുതക്കാട് വിമൻസ് കോളേജ്, സംഗീത കോളേജ് ഗ്രൗണ്ട്, ഫോർട്ട് ഹൈസ്‌കൂൾ ഗ്രൗണ്ട്, അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ, മാഞ്ഞാലികുളം ഗ്രൗണ്ട്, ആറ്റുകാൽ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ട്, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി പൂജപ്പുര എന്നീ സ്ഥലങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |