വർക്കല: മൈതാനത്തെ മുനിസിപ്പൽ പാർക്ക് സംരക്ഷിക്കണമെന്ന ആവശ്യം ശക്തം. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പരിപാടികൾക്ക് പലപ്പോഴും വേദിയാകുന്നത് പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള മുനിസിപ്പൽ പാർക്കും ഓപ്പൺ ഓഡിറ്റോറിയവുമാണ്. നഗരത്തിരക്കുകൾക്ക് മദ്ധ്യേയാണെങ്കിലും ശാന്തമായൊരിടമാണ് ഈ പാർക്ക്. വൃദ്ധരും മാനസിക വെല്ലുവിളികൾ നേരിടുന്നവരും ഉൾപ്പെടെ നിരവധിപേർ പകൽസമയങ്ങളിൽ പാർക്കിൽ അഭയം തേടുന്നുണ്ട്. നഗരസഭാ പരിധിയിൽ പകൽവീടെന്ന ആശയം പ്രാവർത്തികമാക്കാത്തതിനാൽ പാർക്കിനെ ആശ്രയിക്കുന്നവരാണിവിടെ എത്തുന്നതിൽ ഭൂരിഭാഗവും. ഇവിടമിന്ന് അധികൃതരാൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. സാംസ്കാരികതയുടെയും തീർത്ഥാടനകേന്ദ്രങ്ങളുടെയും ചിത്രവരകൾ ആലേഖനം ചെയ്ത പാർക്കിന്റെ ഒരു ഭാഗമിന്ന് ദുർഗന്ധപൂരിതമാണ്. ഭക്ഷണ മാലിന്യങ്ങൾ പാർക്കിൽ ഉടനീളം കാണാം. 10 വർഷങ്ങൾക്ക് മുൻപ് ഒരു കോടിയിൽ പരം രൂപ ചെലവഴിച്ച് നവീകരിച്ച മുനിസിപ്പൽ പാർക്ക് സുരക്ഷാ സംവിധാനങ്ങളൊരുക്കി നവീകരിച്ച് സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഭീഷണിയാകുന്ന തണൽമരങ്ങളും
പാർക്കിനോടു ചേർന്ന് പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിൽക്കുന്ന കാലപ്പഴക്കം കൊണ്ട് ജീർണിച്ച മരവും പാർക്കിനുള്ളിലെ തണൽ മരത്തിന്റെ ഉണങ്ങിയ ശിഖരങ്ങളും ഏത് സമയവും നിലംപതിച്ചേക്കാവുന്ന അവസ്ഥയിലാണ്. പാർക്കിലെത്തുന്നവർക്കും റോഡിലൂടെ യാത്ര ചെയ്യുന്നവർക്കും സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കും ഈ മരങ്ങൾ ഭീഷണിയാവുന്നു. ശക്തമായ മഴയിലോ കാറ്റിലോ ഒടിഞ്ഞു വീണേക്കാവുന്ന മരങ്ങൾ മുറിച്ച് മാറ്റുന്നതിനും നടപടിയില്ല.
വെളിച്ചമില്ലായ്മ മറയാക്കി പരസ്യ മദ്യപാനം
പാർക്കിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി പോസ്റ്റുകൾ തുരുമ്പെടുത്ത് നശിച്ചു. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ നവീകരണത്തിന് വീണ്ടും വലിയൊരു തുക ആവശ്യമാണ്. സമീപത്തെ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈറ്റുകളുടെ വെളിച്ചത്തിലാണ് രാത്രിയിൽ പാർക്കിനുള്ളിൽ മങ്ങിയ വെളിച്ചം ലഭിക്കുന്നത്. സ്ഥാപനങ്ങൾ അടയ്ക്കുമ്പോൾ അതും നിലയ്ക്കും. ഓണാഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരമുള്ളതിനാൽ മാത്രമാണ് രാത്രിയിലിപ്പോൾ വെളിച്ചമുള്ളത്. വെളിച്ചമില്ലായ്മ പരസ്യ മദ്യപാനകേന്ദ്രമായി ഇവിടം മാറാനിടയാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക്
വഴി നടക്കാനാവില്ല
വർക്കല ഡിവൈ.എസ്.പി ഓഫീസിനോടു ചേർന്ന് ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ മുന്നിലും സമീപത്തെ അടഞ്ഞു കിടക്കുന്ന പഴയ റെയിൽവേ ഗേറ്റിന് സമീപവും സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് വഴി നടക്കാൻ പോലുമാവാത്ത രീതിയിൽ ഇത്തരക്കാരുടെ അതിക്രമങ്ങൾ ആവർത്തിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |