കൊച്ചി: ഓണ ഒരുക്കത്തിന്റെ തിരക്കിൽ ഇന്ന് ഉത്രാടപ്പാച്ചിൽ. പൂക്കളും തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങളും ഓണക്കോടിയുമൊക്കെ വാങ്ങാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് ആളുകൾ.
രുചിപ്പെരുമയുടെ ഓണസദ്യയിൽ ഒരുക്കേണ്ട വിഭവങ്ങൾക്കുള്ള പച്ചക്കറികളും മറ്റും ഉൾപ്പടെയുള്ളവ വാങ്ങാനുള്ള തിരക്കിലാണ് മലയാളികൾ. പായസമുൾപ്പെടെ പരമാവധി വിഭവങ്ങൾ സദ്യയിൽ ഉൾപ്പെടുത്താനുള്ള തിരക്കിലാണ് വീട്ടകങ്ങൾ. പായസം കൂടി ചേരുമ്പോഴാണ് സദ്യ പൂർണമാവും.
ഓണക്കോടി
പുത്തനുടുപ്പുകൾ സമ്മാനിക്കുന്ന വിശേഷാവസരമാണ് ഓണം. ഓണക്കോടികൾ വാങ്ങാനുള്ള തിരക്കും ഇന്ന് ഗ്രാമ നഗരപ്രദേശങ്ങളിലുണ്ടാകും. വസ്ത്ര, വ്യാപാര കേന്ദ്രങ്ങൾ വൈവിദ്ധ്യമാർന്ന ഓഫറുകൾ അവതരിപ്പിച്ചാണ് ആളുകളെ ആകർഷിക്കുന്നത്.
വിപണി സജീവം
പച്ചക്കറി, പഴവർഗ വിപണിയിൽ ഇന്ന് തിരക്കോട് തിരക്കാകുമെന്നുറപ്പ്. ജില്ലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓണം ഫെയറുകളിലും വൻ തിരക്കാകും അനുഭവപ്പെടുക. ഗൃഹോപകരണ-ഇലക്ട്രോണിക്സ് വിപണി പതിവുപോലെ വൈവിധ്യമാർന്ന ഓഫറുകളുമായി രംഗത്തുണ്ട്. അത്തരം സാധനങ്ങൾ വാങ്ങുന്നതിനും ഇന്ന് തിരക്കേറും.
ഓണത്തപ്പനെത്തി
ഓണത്തപ്പനും മറ്റും നേരത്തേ തന്നെ വിപണിയിലെത്തി. ഇക്കുറി മരത്തിന്റെ ഓണത്തപ്പനും ധാരാളമായി വില്പനയ്ക്കുണ്ട്. നാളെ രാവിലെ മുതൽ തുമ്പയും കുരുത്തോലയും ഓണത്തപ്പനുമായി വില്പനയ്ക്ക് സംഘങ്ങൾ നഗരത്തിലേക്ക് എത്തും.
പരമ്പരാഗത മേഖലയിൽ ഉണർവ്
കൈത്തറി മേളയലേയ്ക്കും പരമ്പരാഗത കാർഷിക വ്യാവസായിക ഉത്പ്പന്നമേളയലേക്കും രാവിലെ മുതൽ തന്നെ ജനങ്ങളെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയ തെരുവ് കച്ചവടം ശനിയാഴ്ചയോടെ ഉച്ചസ്ഥായിലെത്തി. പാത്രങ്ങളും മൺചട്ടികളും വസ്ത്രങ്ങളും ചെരുപ്പുമടക്കം ആവശ്യമുള്ളതെല്ലാമുണ്ട് വഴിയോരകച്ചവടത്തിൽ.
ഇന്ന് ഉത്രാടസദ്യ
കൊച്ചി: തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിലെ തിരുവോണ മഹോത്സവം ഒൻപതാം ദിവസമായ ഇന്ന് ഉത്രാടസദ്യയും പകൽപൂരവും നടക്കും. അത്തം നാളിൽ കൊടിയേറി ഉത്സവം നാളെ തിരുവോണം നാളിൽ ആറാട്ടോടെയാണ് സമാപിക്കുക. വാമനമൂർത്തിയെയും മഹാബലിയെയും ഒരുപോലെ ആരാധിക്കുന്ന അപൂർവതയാണ് തൃക്കാക്കര തിരുവോണം മഹോത്സവത്തിന്റെ സവിശേഷത.
9-ാം ഉത്സവദിവസം വലിയവിളക്ക് ഉത്സവമായ ഇന്ന് രാവിലെ 8മുതൽ 9 ഗജവീരന്മാരുടെ അകമ്പടിയിൽ തൃക്കാക്കരയപ്പന് തിരുമുൽകാഴ്ച സമർപ്പണം, പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരിമേളം, 11മുതൽ ഉത്രാട സദ്യ, ഉച്ചകഴിഞ്ഞ് 3മുതൽ പകൽപൂരം, 5.30ന് സംഗീത കച്ചേരി, രാത്രി 8.15ന് പകൽപൂരം എതിരേൽപ്പ്, രാത്രി 10ന് വലിയവിളക്കും പള്ളിവേട്ടയും നടക്കും.
ആറാട്ട് ദിവസമായ നാളെ രാവിലെ 7.30ന് മഹാബലി എതിരേൽപ്പ്, രാവിലെ 10.30 മുതൽ തിരുവോണസദ്യ, ഉച്ചകഴിഞ്ഞ് 3ന് ഭജനാഞ്ജലി, 4ന് സപ്തവീണ കച്ചേരി, 4.30ന് കൊടിയിറക്കൽ, തുടർന്ന് ആറാട്ട്, 6മുതൽ ആറാട്ട് എതിരേൽപ്പ്, തുടർന്ന് ആകാശവിസ്മയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |