ആലപ്പുഴ: തിരുവോണത്തിന് നാട് ഒരുങ്ങിയതോടെ ഹരിത ചട്ടം ഉറപ്പാക്കണമെന്ന് അധികൃതർ. ഇന്ന് ഉത്രാടത്തിരക്ക് വർദ്ധിക്കുന്ന സാഹചര്യം മുൻ നിറുത്തി വഴിയോരകച്ചവടക്കാരും വ്യാപാരികളും ഹരിചട്ടം പാലിച്ചുവേണം കച്ചവടം ചെയ്യാൻ. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർ നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പ്ലാസ്റ്റിക്ക് ഉപയോഗം പൂർണമായും കുറച്ചുകൊണ്ടുള്ള ഓണമാണ് ഇത്തവണ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ സംസ്ഥാന വ്യാപകമായും നൽകിയിരുന്നു. വ്യാപാര സ്ഥാപനങ്ങളിലും ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നിടത്തും മാലിന്യം തരംതിരിച്ച് നിക്ഷേപിക്കാൻ മതിയായ ബിന്നുകൾ സ്ഥാപിക്കണം. വഴിയോര വാണിഭം, വ്യാപാര സ്ഥലങ്ങളിൽ ഉണ്ടാകുന്ന മാലിന്യം സംഭരിക്കാനും നീക്കം ചെയ്യാനും കൃത്യമായ ക്രമീകരണം ഉണ്ടാക്കണം. വിനോദ, ആഘോഷ പരിപാടികൾക്കായി ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ അധികമായി ബിന്നുകൾ സ്ഥാപിക്കണം.
അലങ്കാരങ്ങളിലെല്ലാം ഹരിതചട്ടം ഉറപ്പാക്കണം. പൂക്കളമിടൽ, ഓണസദ്യ എന്നിവയ്ക്ക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ (നിരോധിത പേപ്പർ പ്ലാസ്റ്റിക് കപ്പ്, കുപ്പി, പാത്രം, ഇല, സ്പൂൺ തുടങ്ങിയവ) ഉപയോഗിക്കരുത്.
ഓണസദ്യ ഇലയിൽ വേണം
പ്ലാസ്റ്റിക്ക് നിർമ്മിത ബാനറുകൾക്ക് പകരം തുണി, പേപ്പർ, വാഴയില, ഓല പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ളവ ഉപയോഗിക്കണം
ആഘോഷ പരിപാടികളിൽ നൽകുന്ന ലഘുഭക്ഷണങ്ങൾ ഇലകളിൽ,സ്റ്റീൽ ,സെറാമിക്ക് പാത്രങ്ങളിൽ വിളമ്പാവുന്നതാണ്. ഓണസദ്യ പൂർണമായും മാതൃകാപരമായി ഹരിതചട്ടം പാലിച്ച് വിളമ്പണം
ആഘോഷ പരിപാടികൾക്ക് കൃത്രിമ ശീതള പാനീയങ്ങൾക്ക് പകരം കരിക്കിൻ വെള്ളം, നാടൻ മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കഴുകി ഉപയോഗിക്കാൻ കഴിയുന്ന പാത്രങ്ങളിൽ വിളമ്പുക
ആഘോഷ പരിപാടികളിൽ ആഹാരം വിളമ്പി നൽകുന്നതിന് പകരം ബൊഫെ കൗണ്ടറുകൾ വഴി ആഹാരം നൽകുന്നത് ആഹാരം പാഴാക്കുന്നത് ഒഴിവാക്കാനാകും. തിളപ്പിച്ചാറ്റിയ വെള്ളം സ്റ്റീൽ, ചില്ല് ഗ്ലാസുകളിൽ നൽകുക
പ്ലാസ്റ്റിക് പായകൾ ചവിട്ടികൾ, വിരിപ്പുകൾ എന്നിവയ്ക്ക് പകരം ഈറ, മുള കയർ എന്നിവയിൽ നിർമ്മിതമായ വസ്തുക്കൾ ഉപയോഗിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |