ആലപ്പുഴ: തിരുവോണത്തിന് മുമ്പുള്ള ഉത്രാടപ്പുലരി പിറന്നു. നാളത്തെ ഓണം കൊഴുപ്പിക്കാൻ ഉത്രാടപാച്ചിലിലാണ് നാട്. ഉത്രാടത്തിന് ഓടി കിതച്ച് നാളെ ഉഷാറോടെ ഓണം ആഘോഷിക്കും.
പൂരാടമായ ഇന്നലെ മുതൽ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഓണം ഒരുക്കാനുള്ള തിരക്കായിരുന്നു. നാളെ തിരുവോണമായതിനാൽ സാധനങ്ങൾ കിട്ടാതിരിക്കുമോ എന്ന ആശങ്കയിൽ പലരും നേരത്തെ തന്നെ ഇറങ്ങി. ഉത്രാടത്തിന് വീടും പരിസരങ്ങളും ഒരുക്കാനുള്ള തിരക്കിലാണ് എല്ലാവരും.
ഓണക്കോടിയും ഓണവിഭവങ്ങളും വാങ്ങാൻ കുടുംബമായി എത്തിയവരുടെ തിരക്കാണ് നാടെങ്ങും. കടയിലേതിനേക്കാൾ വില കുറവുള്ളതിനാൽ കൂടുതൽപേരും പച്ചക്കറികൾ വാങ്ങാൻ വഴിയോര കടകളെയാണ് ആശ്രയിച്ചത്.
കടകളിൽ ഓഫറിന്റെ ഓണക്കാലമാണ്.ഒന്നെടുത്താൽ രണ്ടെണ്ണം സൗജന്യം, 30-50 ശതമാനം വരെ വിലക്കുറവ് തുടങ്ങി ആളെക്കയറ്റാൻ നിരവധി ഓഫറുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
കുട്ടനാടൻ മേഖലകളിൽ ഉൾപ്പടെയുള്ളവർ വസ്ത്രങ്ങളും സാധനങ്ങളും വാങ്ങാനെത്തുന്നത് മുല്ലയ്‌ക്കലിലാണ്. മുല്ലയ്‌ക്കലിലെ പല ജനപ്രിയ കടകളിലും ആഴ്ചകൾക്ക് മുമ്പ് തന്നെ വലിയ തിരക്കായിരുന്നു. ഇവിടെ എത്തിയാൽ ഓണം ആഘോഷിക്കാനുള്ള ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ളത് വാങ്ങിപ്പോകാമെന്നതാണ് കാരണം. കോളേജ്, സ്കൂൾ, ഓഫീസുകളിലെ
ഓണാഘോഷങ്ങളെല്ലാം ഇന്നലെ കൊണ്ട് അവസാനിച്ചതോടെ പൂവിപണിയിലെ തിരക്ക് കുറഞ്ഞിട്ടുണ്ട്. ഇപ്പോൾ പച്ചക്കറികടകളിലും തുണിക്കടകളിലുമാണ് തിരക്ക്. ഓർഡറുകൾ സ്വീകരിച്ച് ഓണസദ്യ ഒരുക്കാൻ ഹോട്ടലുകളും തയ്യാറെടുത്തുകഴിഞ്ഞു.
തിരക്കേറി ഓണവിപണി
ഓണം ആഘോഷിക്കാൻ ഒരുക്കിയ ജില്ലാ ഫെയറുകളിലും ഓണച്ചന്തകളിലും വലിയ തിരക്കാണ്.
സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ്, കുടുംബശ്രീ മേളകൾ കഴിഞ്ഞആഴ്ച തന്നെ ആരംഭിച്ചിരുന്നു. 20മുതൽ 40 ശതമാനം വിലക്കുറവിലാണ് വില്പന. ഇവയ്ക്കൊപ്പം ഹോർട്ടികോർപ്പിന്റെ ചന്തകളുമുണ്ട്. വിലക്കുറവിൽ നല്ല പച്ചക്കറികൾ വാങ്ങാമെന്നതാണ് പ്രത്യേകത. ഇതിനൊപ്പം കുടുംബശ്രീ ഓണച്ചന്തകളും നടക്കുന്നുണ്ട്.
ക്ലബുകളിൽ ആഘോഷം
വിവിധ ക്ലബ്ബുകൾ, വായനശാലകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ ഇന്നുമുതൽ ഓണാഘോഷ പരിപാടികൾ നടക്കും. ഗ്രാമ,നഗര ഭേദമില്ലാതെ എല്ലായിടത്തും വിവിധ മത്സരങ്ങൾ, കലാപരിപാടികൾ, ഓണക്കിറ്റ് വിതരണം എന്നിവയോടെയാണ് ആഘോഷങ്ങൾ നടക്കുക. ഉത്രാടത്തിന് തുടങ്ങി തിരുവോണത്തിന് അവസാനിക്കുന്ന രീതിയിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |