കൊച്ചി: മലയാളികളുടെ സങ്കൽപങ്ങളിൽ എന്നോ കയറിക്കൂടിയ കുടവയറൻ മാവേലിക്ക് പകരം ദ്രാവിഡ സങ്കൽപത്തിലുള്ള യോദ്ധാവായ മഹാബലിക്ക് വാമനന് മുന്നിൽ 'അയിത്തം" തുടരുന്നു. തൃക്കാക്കര വാമനമൂർത്തി മഹാക്ഷേത്രത്തിൽ സ്ഥാപിക്കുമെന്ന് വർഷങ്ങൾക്കു മുൻപ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രഖ്യാപിച്ച മഹാബലി പ്രതിമ ഈ തിരുവോണത്തിനും എത്തിയില്ല. പ്രതിമ സ്ഥാപിക്കാൻ ക്ഷേത്രത്തിന്റെ വടക്കുകിഴക്കേ മൂലയിൽ പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച മണ്ഡപം മാവേലിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം പത്തായി. കൊമ്പൻ മീശയും കുടവയറും ഇല്ലാത്ത അരോഗ ദൃഢഗാത്രനായ മാവേലിയെ സ്ഥാപിക്കാനാണ് നിശ്ചയിച്ചിരുന്നത്.
ഗ്ലാമർ കുറഞ്ഞ്
'സിമന്റ് മാവേലി"
മണ്ഡപം കൂടാതെ 14 ലക്ഷം രൂപയായിരുന്നു വെങ്കലപ്രതിമയ്ക്ക് ചെലവ് കണക്കാക്കിയത്. പിന്നീട് ബഡ്ജറ്റിൽ ആറര ലക്ഷമായി വെട്ടിക്കുറച്ചു. വെങ്കലത്തിന് പകരം സിമന്റിലാക്കാൻ തീരുമാനിച്ചെങ്കിലും മഹാബലി ഇപ്പോഴും പാതാളത്തിൽ. ഏത് ഓണക്കാലത്താവും മാവേലി എഴുന്നള്ളുകയെന്ന കാര്യത്തിൽ ശില്പി കൊല്ലം ഇത്തിക്കര സ്വദേശി ശന്തനു എന്ന ശാന്തകുമാറിനുപോലും ഉത്തരമില്ല. 2021 നവംബറിൽ ബോർഡ് ഇയാൾക്ക് കത്തയച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.
തുടക്കം വിവാദത്തിൽ
മഹാബലിയെ വാമനൻ തലയിൽ ചവിട്ടുന്ന ചിത്രത്തോടെ, അന്നത്തെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ വാമനജയന്തി ആശംസ നേർന്നതിനെ തുടർന്നുള്ള വിവാദ ചർച്ചകളാണ് തൃക്കാക്കര ക്ഷേത്രത്തിൽ പ്രതിമസ്ഥാപന പ്രഖ്യാപനത്തിൽ എത്തിയത്. ബ്രാഹ്മണനായ വാമനൻ അസുരനായ മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയെന്നതടക്കമുള്ള വ്യാഖ്യാനങ്ങൾക്ക് ചൂടുപിടിക്കുകയായിരുന്നു. ഇതിനിടെ, അന്നത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനും അംഗം അജയ് തറയിലും ദ്രാവിഡ സങ്കൽപത്തിലുള്ള മഹാബലിയുടെ പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചു. മണ്ഡപം നിർമ്മാണത്തിന് കരാർ നൽകുകയും 2018ൽ പൂർത്തിയാകുകയും ചെയ്തു. ബോർഡിന്റെ കാലാവധി കഴിഞ്ഞതോടെ മഹാബലി പ്രതിമ അനിശ്ചിതത്വത്തിലായി. മണ്ഡപം കാഴ്ചവസ്തുവായി. മഹാബലി പ്രതിമയെക്കുറിച്ച് ആർക്കും ഇപ്പോൾ വലിയ പിടിപാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |