തൃശൂർ: രാവിലെ മുതൽ ഇടവിട്ട് പെയ്ത മഴയിൽ ആവേശം ചോരാതെ ഉത്രാടപ്പാച്ചിലിൽ നാടും നഗരവും. കടകമ്പോളങ്ങളിലും പച്ചക്കറി മാർക്കറ്റുകളിലും വൻ തിരക്കായി. ഉച്ച കഴിഞ്ഞപ്പോൾ ഉത്രാടപ്പാച്ചിലിന്റെ കടുപ്പം കൂടി. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് പച്ചക്കറി കടകളിലും വസ്ത്രശാലകളിലുമാണ്. ഫുട്പാത്തുകളിലെ കച്ചവടത്തിനും വൻതിരക്കായിരുന്നു. പച്ചക്കറിക്ക് വിലകൂടുതലാണെങ്കിലും മാർക്കറ്റിൽ ജനക്കൂട്ടം നിറഞ്ഞു. ഒറിജിനൽ പൂക്കളോട് മത്സരിക്കാൻ പ്ലാസ്റ്റിക് പൂക്കളും വിപണിയിലുണ്ട്. മണ്ണിൽ തീർത്ത തൃക്കാക്കരയപ്പൻമാർക്ക് പകരക്കാരായ മരത്തിലും പ്‌ളാസ്റ്റിക്കിലുമുണ്ടായിരുന്നു.
ഇലയ്ക്ക് പൊളളും വില
ഇലയുടെ വരവ് കുറഞ്ഞതോടെ വില കുതിച്ചുയർന്നു. നാക്കില പ്രാദേശികമായി അധികം ലഭിച്ചില്ല. തമിഴ്‌നാട്ടിൽനിന്നായിരുന്നു കൂടുതലും. അത്തത്തിന് ഒരു ഇലയ്ക്ക് വില അഞ്ചായിരുന്നെങ്കിൽ ചില്ലറവിപണിയിൽ 10 മുതൽ 15 രൂപയുണ്ട്. സ്ഥാപനങ്ങളിലെ ഓണാഘോഷം തുടങ്ങിയതോടെയാണ് ഇലയുടെ വില കുതിച്ചത്. ഞാലിപ്പൂവൻ വാഴയുടെ ഇലയ്ക്കാണ് കൂടുതൽ ഡിമാൻഡ്. ഇത് വേഗം വാടില്ല. ഉറപ്പുമുണ്ട്.
പേപ്പർ വാഴയിലയ്ക്ക് ആവശ്യക്കാർ കുറഞ്ഞതും കാരണമായി. പായസങ്ങളിൽ അടപ്രഥമൻ, പാലട എന്നിവയ്ക്ക് ആവശ്യമായ അട ഉണ്ടാക്കുന്നതിനും വാഴയിലയാണ് ഉപയോഗിക്കുന്നത്. റെഡിമെയ്ഡ് പായസത്തിന് ഡിമാൻഡ് കുറഞ്ഞതോടെ പഴയ രീതിയിൽ തന്നെ പലരും പായസമുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് പറയുന്നത്.
പയറിന് വില കയറി
പച്ചക്കറികളിൽ പയറിനാണ് വിലകയറിയത്. മത്തങ്ങയ്ക്കും കുമ്പളത്തിനും വെള്ളരിക്കും രാവിലത്തെ വിലയേക്കാൾ വൈകിട്ട് കൂടി. തമിഴ്‌നാട്ടിൽ നിന്ന് ധാരാളം എത്തിയതോടെ നേന്ത്രക്കായ വിലയിടിഞ്ഞു. എന്നാൽ ചെങ്ങാലിക്കോടന്റെ വില കുറഞ്ഞിട്ടില്ല. നാട്ടിൻപുറങ്ങളിൽ പോലും ചെങ്ങാലിക്കോടൻ കിട്ടാനില്ല.
ഇന്നലത്തെ വില കിലോഗ്രാമിന്:
പയർ : 120
ബീൻസ്: 90
കാരറ്റ് : 70
ചേന: 60
മത്തങ്ങ: 50
നേന്ത്രക്കായ: 50
ആഗസ്റ്റ് മൂന്നിലെ വില
ചെങ്ങാലിക്കോടൻ നേന്ത്രക്കായ: 95
ബീൻസ്: 95
മുളക് : 90
ഇഞ്ചി : 90
കാരറ്റ് : 90
പയർ : 70
വെണ്ട : 60
നേന്ത്രക്കായ: 60
കയ്പയ്ക്ക: 60
അമര : 60
തക്കാളി : 60
ബീറ്റ്‌റൂട്ട് : 60
വെണ്ടയ്ക്ക : 60
നാരങ്ങ : 60
കോവയ്ക്ക : 60
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |