നെടുമങ്ങാട്: രാജകീയ ഓണാഘോഷങ്ങളുടെ ചരിത്രമുറങ്ങുന്ന നെടുമങ്ങാട്ട്, തിരുവോണദിവസം പൂജ നടത്തിയിരുന്ന വാളും പീഠവും കൊമ്പും ഇപ്പോഴും ശേഷിപ്പുണ്ട്. തെങ്ങിൻ കുരുത്തോല കൊണ്ട് ഉമയമ്മറാണിയുടെ പ്രതിമ മെനഞ്ഞുണ്ടാക്കി അതിനു മുന്നിൽ വാളും മാൻകൊമ്പുംവച്ച് ഓണപ്പൂജയും ആഘോഷങ്ങളും നടത്തിയിരുന്ന കാലമുണ്ടായിരുന്നു. തിരുവോണനാളിലെ ഈ വിശേഷപൂജ മുടങ്ങിയിട്ട് അധികനാളായിട്ടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലായിരുന്ന കോയിക്കൽ കൊട്ടാരം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത ശേഷമാണ് പൂജ നിലച്ചത്.എങ്കിലും വാളും പീഠവും മാൻകൊമ്പും കൊട്ടാരത്തിൽ സുരക്ഷിതമാണ്. റാണിയുടെ വാഴ്ചക്കാലത്തെ ഒരു തിരുവോണ ദിവസം ദുർമരണത്തിനിരയായ മല്ലൻ എന്ന കൊട്ടാരം ഉദ്യോഗസ്ഥന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാനായിട്ടാണത്രെ ഓണപ്പൂജ നടത്തിവന്നിരുന്നത്. ആനാട് പുല്ലേക്കോണം വീട്ടുകാർക്കായിരുന്നു പൂജ നടത്താൻ അനുവാദം. ചരിത്രകാരൻ വെള്ളനാട് രാമചന്ദ്രന്റെ 'നെടുമങ്ങാട്-പൗരാണികവും ആധുനികവും" എന്ന കൃതിയിൽ വേറിട്ട ഈ ഓണപ്പൂജ വിശദമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |