സച്ചിൻ ടെണ്ടുൽക്കറുടെ മകൾ സാറയുടെ വിവാഹനിശ്ചയവും കഴിഞ്ഞെന്ന് റിപ്പോർട്ട്. മകൻ അർജുന്റെ വിവാഹനിശ്ചയം കഴിഞ്ഞ വാർത്തയുടെ തൊട്ടുപിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്. എന്നാൽ വരൻ ആരെന്നകാര്യത്തിൽ ഒരു വ്യക്തതയും ഇല്ല. നേരത്തേ ഒരു യുവാവുമൊത്ത് സാറ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഗോവ യാത്രക്കിടെ പകർത്തിയതായിരുന്നു ഈ ചിത്രങ്ങൾ. ഇത് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞതോടെയാണ് വിവാഹ നിശ്ചയവാർത്തയും പുറത്തുവന്നത്. എന്നാൽ ചിത്രത്തിലുള്ള ആളുമായാണോ നിശ്ചയം നടന്നതെന്ന് വ്യക്തമല്ല.
അതിനിടെ ചിത്രത്തിലുളള യുവാവിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഗോവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആർട്ടിസ്റ്റും റസ്റ്റോറന്റ് ഉടമയുമായ സിദ്ധാർത്ഥ് കേർക്കറാണ് യുവാവ്. സച്ചിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് ഇയാൾക്കുള്ളത്. മുംബയ് വാംഖഡെ സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ കാണാൻ സിദ്ധാർത്ഥ് സാറയ്‌ക്കൊപ്പം വന്നിട്ടുണ്ട്.
സാറയുടെ പ്രണയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ നേരത്തേ പ്രചരിച്ചിരുന്നു. ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്‌മാൻ ഗില്ലുമായും നടൻ സിദ്ധാർഥ് ചതുർവേദിയുമായും സാറ പ്രണയത്തിലാണെന്നായിരുന്നു പ്രചാരണം.എന്നാൽ ഇത് തള്ളാനോ കൊളളാനോ ആരും തയ്യാറായില്ല.
സച്ചിൻ ടെണ്ടുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടറായ സാറ ബയോമെഡിക്കൽ സയന്റിസ്റ്റും ന്യൂട്രീഷനിസ്റ്റും കൂടിയാണ്.അടുത്തിടെയാണ് സാറയുടെ പുതിയ സംരഭമായ പിലാറ്റീസ് അക്കാദമിക്ക് തുടക്കം കുറിച്ചത്. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് അർജുൻ ടെണ്ടുൽക്കറുടെ പ്രതിശ്രുത വധു. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസ്റ്റർ പാവ്സ് പെറ്റ് സ്‌പാ ആൻഡ് സ്റ്റോർ എൽഎൽപിയുടെ ഡയറക്ടറാണ് സാനിയ. ഇരുവരുടെയും വിവാഹനിശ്ചയം അടുത്തിടെ മുംബയിലാണ് നടന്നത്. തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു വിവാഹനിശ്ചയം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |