ഷില്ലോംഗ്: ഹണിമൂൺ കൊലപാതക കേസിൽ മേഘാലയ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രാജ രഘുവംശിയുടെ ഭാര്യ സോനം രഘുവംശിയെ മുഖ്യപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. സോനം, കാമുകൻ രാജ് കുശ്വാഹ, മറ്റ് മൂന്ന് പേർ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. 790 പേജുള്ള കുറ്റപത്രം സൊഹ്‌റ സബ് ഡിവിഷനിലെ ജുഡിഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ സമർപ്പിച്ചു. നിലവിൽ അഞ്ച് പ്രതികളും ജുഡിഷ്യൽ കസ്റ്റഡിയിലാണ്.
അതേസമയം, എല്ലാ പ്രതികൾക്കുമെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം 103 (ഐ) കൊലപാതകത്തിനും 238 (എ) കുറ്റകൃത്യത്തിന്റെ തെളിവ് നശിപ്പിക്കുന്നതിനും 61 (2) ക്രിമിനൽ ഗൂഢാലോചനയ്ക്കും കേസെടുത്തിട്ടുണ്ട്. കൂടുതൽ ഫോറൻസിക് റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷം മറ്റ് മൂന്ന് കൂട്ടുപ്രതികളായ സോനം ഒളിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ സിലോമി ജെയിംസ്, ലോകേന്ദ്ര തോമർ, പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥനായ ബൽബീർ അഹിർബർ എന്നിവർക്കെതിരെ അനുബന്ധ കുറ്റപത്രം സമർപ്പിക്കുമെന്ന് ഈസ്റ്റ് ഖാസി ഹിൽസ് പൊലീസ് സൂപ്രണ്ട് വിവേക് സീയം പറഞ്ഞു.
അതിനിടെ തെളിവ് നശിപ്പിക്കൽ, തെളിവ് മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്ത ജെയിംസ്, തോമർ, അഹിർബാർ എന്നിവർ നിലവിൽ ജാമ്യത്തിലാണ്.
29 വയസുള്ള രാജയെയും 24 വയസുള്ള സോനത്തെയും മേഘാലയിൽ വച്ച് കാണാതായതോടെയാണ് കേസ് ആദ്യം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയായ സോനം രാജയെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞതെന്ന് അറിയുന്നത്. ഇൻഡോറിൽ നിന്നുള്ള ദമ്പതികൾ മേയ് 11നാണ് വിവാഹിതരായത്. സോനത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഷീറ്റ് യൂണിറ്റിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന രാജുമായുള്ള ബന്ധം അവഗണിച്ചാണ് വിവാഹം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ഇൻഡോറിലെ വിവാഹത്തിനുശേഷം, രാജയും സോനവും ഹണിമൂണിനായി മേഘാലയയിലേക്ക് പോയി. ജൂൺ 2ന് രാജയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കാണാതായ സോനത്തെ ജൂൺ 8ന് ഉത്തർപ്രദേശിലെ ഗാസിപൂരിൽ പ്രത്യക്ഷപ്പെടുകയും പിന്നീട് നന്ദ്ഗഞ്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തു. ഉത്തർപ്രദേശിൽ നിന്നും ഇൻഡോർ, സാഗർ പട്ടണങ്ങളിൽ (മദ്ധ്യപ്രദേശിൽ) നിന്നും ആകാശ്, വിശാൽ, ആനന്ദ് എന്നിവരെ അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷമാണ് ഇത് സംഭവിച്ചത്. രാജിനെ പിന്നീട് അറസ്റ്റ് ചെയ്തു.
വധശിക്ഷ നൽകണം:
രാജയുടെ കുടുംബം
രാജ രഘുവംശിയുടെ കൊലപാതകത്തിൽ മേഘാലയ പൊലീസ് കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ കേസിലെ മുഖ്യപ്രതിയായ ഭാര്യ സോനത്തിനും മറ്റ് നാല് പേർക്കും വധശിക്ഷ നൽകണമെന്ന് രാജയുടെ കുടുംബം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |