മല്ലപ്പള്ളി: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഗൃഹനാഥനെ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി ഈസ്റ്റ് പോസ്റ്റ് ഓഫീസിന് സമീപം ചേർത്തോട് പുലിയിടശ്ശേരിൽ രഘുനാഥൻ (71),ഭാര്യ സുധ (62) എന്നിവരെയാണ് തിരുവോണനാൾ രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് താമസിക്കുന്ന ഏക മകൻ അജയ്, മാതാപിതാക്കളെ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നതിനെത്തുടർന്ന് വീടിനടുത്തുള്ള സുഹൃത്തിനെ വിട്ട് അന്വേഷിച്ചപ്പോൾ ആണ് സംഭവം അറിയുന്നത്. സുധയെ വീടിന് പിന്നിലെ മുറ്റത്ത് കുത്തേറ്റ നിലയിലും രഘുനാഥനെ പുറത്തേ ശൗചാലയത്തിന്റെ ഭാഗമായ മുറിയിലുമാണ് തൂങ്ങിയ നിലയിലും കണ്ടെത്തിയത്. സുധയുടെ കഴുത്തിനോട് ചേർന്ന് മുൻവശത്ത് ആഴത്തിലുള്ള മുറിവുണ്ട്. ഓടി രക്ഷപെടാൻ ശ്രമിക്കുമ്പോൾ വീണ നിലയിലാണ് മൃതദേഹം കണ്ടത്. ഭാര്യയെ കുത്തിയശേഷം രഘുനാഥൻ തൂങ്ങിമരിച്ചതാകാമെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഗൾഫിലായിരുന്ന രഘുനാഥൻ നാട്ടിലെത്തിയിട്ട് 15 വർഷത്തോളമായി. അയൽവാസികളും ബന്ധുക്കളുമായി ഇവർക്ക് അധികം സഹകരണമുണ്ടായിരുന്നില്ല. ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ്.വിജയൻ, റാന്നി ഡിവൈ.എസ്.പി ആർ.ജയരാജ്, കീഴ്വായ്പൂര് എസ്.എച്ച്.ഒ വിപിൻ ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും വിരലടയാള വിദഗ്ധരും ശാസ്ത്രീയ പരിശോധന സംഘവും സ്ഥലത്തെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |