കോട്ടയം : പരസ്യമായി സമരരംഗത്തിറങ്ങിയിട്ടും പാചകത്തൊഴിലാളികളുടെ ഉള്ളിലെ പുകച്ചിൽ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കൂലി വർദ്ധനവടക്കമുള്ള വാഗ്ദാനങ്ങൾ പാലിക്കാത്തതിനെതിരെ ഭരണപക്ഷ സംഘടനയായ എ.ഐ.ടി.യു.സി അടക്കം സമരത്തിലാണ്. കഴിഞ്ഞ ഏപ്രിലിലാണ് തിരുവനന്തപുരത്ത് വിദ്യാഭ്യാസ, തൊഴിൽ മന്ത്രിമാരുമായി യൂണിയനുകൾ ചർച്ച നടത്തിയത്. പക്ഷേ, നാലുമാസം പിന്നിട്ടിട്ടും ഒന്നും നടപ്പായില്ല. ഓണമായിട്ടും ശമ്പളം വൈകി. മറ്റ് വകുപ്പുകളിലുള്ളവർക്ക് ബോണസടക്കം വാരിക്കോരി കൊടുത്തപ്പോൾ 1650 രൂപ അലവൻസ് നൽകിയത് മാത്രമാണ് ഏക ആശ്വാസം. മുൻപുള്ള ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. അഞ്ഞൂറിൽ താഴെ കുട്ടികളുള്ള ഒരു സ്‌കൂളിന് ഒരു പാചകത്തൊഴിലാളിയെ മാത്രമാണ് നിയമിക്കാൻ സാധിക്കുക. 499 കുട്ടികളാണെങ്കിലും എല്ലാം പാചകം ചെയ്യാൻ ഒരാൾ മാത്രമാണ് ഉണ്ടാവുക. ഇത് 300 പേർക്കോ 250 പേർക്കോ ഒരാൾ എന്ന നിലയിൽ പരിഷ്‌കരിക്കണമെന്നാണ് ആവശ്യം.
ജോലിഭാരം കൂടി, വേദനയായി വേതനം
പുതുക്കിയ മെനു പ്രകാരമുള്ള ഉച്ചഭക്ഷണമാണ് ഇത്തവണ സ്കൂളുകളിൽ നൽകുന്നത്. ഇതോടെ ജോലിഭാരവും കൂടി. പല സ്‌കൂളുകളിലും പി.ടി.എയുടെ നേതൃത്വത്തിലോ ജോലിയുള്ള പാചകത്തൊഴിലാളികൾ കൈയിൽ നിന്ന് പണം നൽകിയോ ആണ് മറ്റൊരാളെ നിയമിക്കുന്നത്. ശരാശരി 22 പ്രവൃത്തിദിനം ലഭിക്കുന്ന, തൊഴിലാളിയുടെ ദിവസ വേതനം 600 രൂപയാണ്.
മാസം 13,200 രൂപ. കേന്ദ്രനിയമ പ്രകാരമുള്ള 1000 രൂപ ഉൾപ്പെടെയാണിത്. മുൻവർഷങ്ങളിൽ സമരം ചെയ്തും കോടതിയെ സമീപിച്ചുമാണ് തൊഴിലാളികൾ ശമ്പളം വാങ്ങിച്ചെടുത്തത്.
നടപ്പാകാത്ത വാഗ്ദാനങ്ങൾ
250 കുട്ടികൾക്ക് ഒരു തൊഴിലാളി , വിരമിക്കൽ പ്രായം 65 ആക്കുക
മിനിമം കൂലി പരിധിയിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കൽ
ഐ.ഡി കാർഡ് വിതരണം, ബാങ്ക് മുഖേന ഇൻഷ്വറൻസ് പദ്ധതി
എല്ലാ മാസവും അഞ്ചാം തീയതിക്കകം അക്കൗണ്ടിൽ ശമ്പളം
ദിവസശമ്പളം: 600
''സർക്കാർ കാട്ടുന്നത് കടുത്ത അനീതിയാണ്. മന്ത്രിതല ചർച്ചയിലെ തീരുമാനങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കളക്ടറേറ്റ് ധർണ നടത്തി. തുടർ സമരങ്ങളുണ്ടാകും.
പി.പ്രദീപ് ജില്ലാ പ്രസിഡന്റ്, സ്കൂൾ പാചക തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |