കോട്ടയം : ടൂറിസം കേന്ദ്രങ്ങളിൽ ഓണം ആൾക്കൂട്ടങ്ങൾക്കൊണ്ട് പൂക്കളമിട്ടപ്പോൾ പൂജാ, ദീപാവലി ദിവസങ്ങളിൽ ഇതിനേക്കാൾ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് സംരഭകർ. പൂജ അവധിക്ക് ബുക്കിംഗുകൾ ആരംഭിച്ചതാണ് ശുഭകരം. ആഭ്യന്തര സഞ്ചാരികളായിരുന്നു കൂടുതൽ. സാധാരണ ശനി, ഞായർ ദിവസങ്ങളിലായിരുന്നു തിരക്കെങ്കിൽ ഓണാവധിക്ക് എല്ലാവദിവസും ഹൗസ് ബോട്ടും റിസോർട്ടുകളും നിറഞ്ഞു. ഇടയ്ക്ക് വന്ന മഴയും വെള്ളപ്പൊക്കവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വരവ് കുറച്ചെങ്കിലും ആഭ്യന്തര സഞ്ചാരികൾ ഈ വിടവ് നികത്തി. മദ്ധ്യ തിരുവിതാംകൂറിൽ നിന്നുള്ളവരായിരുന്നു കൂടുതലും. ഓണം പ്രമാണിച്ച് ഇക്കുറി വിദേശത്തേയ്ക്കും അന്യസംസ്ഥാനങ്ങളിലേയ്ക്കും പോകുന്നതിന് പകരം ആളുകൾ കൂട്ടത്തോടെ കുമരകം, വാഗമൺ പ്രദേശങ്ങളിലെത്തി. മഞ്ഞാണ് ഹൈറേഞ്ചിലേക്ക് സഞ്ചാരികളെ ആകർഷിച്ചത്.
പാക്കേജ് ബുക്കിംഗ് തുടങ്ങി
നവരാത്രി പ്രമാണിച്ച് ഉത്തരേന്ത്യൻ സഞ്ചാരികളുടെ ബുക്കിംഗാണ് ഇപ്പോൾ. ഏജൻസികൾ വഴിയുള്ള പാക്കേജ് ബുക്കിംഗുകളാണ് ഏറെയും. എറണാകുളത്ത് നിന്ന് കുമരകത്ത് ഹൗസ് ബോട്ട് യാത്രയും റിസോർട്ടിലെ താമസവും കഴിഞ്ഞ് വാഗമൺ വഴി മൂന്നാറിൽ പോകുംവിധമാണ് പാക്കേജ്. ഏജൻസികളുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ റിസോർട്ടുകളിലും ബുക്കിംഗ് അവസാനിക്കാറായി. ഹൈദരാബാദ്, മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് അധികവും.
അനുകൂല ഘടകങ്ങൾ
ഒക്ടോബർ മുതൽ മാർച്ച് വരെ പ്രധാന സീസൺ
ഓണം മുതൽ സഞ്ചാരികളുടെ തിരക്ക് നല്ല സൂചന
ആഭ്യന്തര ടൂറിസ്റ്റുകൾ ചെറുകിട സംരംഭകർക്ക് നല്ലത്
'' പതിവായി വന്നിരുന്ന അറബികളടക്കമുള്ളവരുടെ കുറവുണ്ട്. എന്നാൽ ദീപാവലി വരെ മിക്ക ദിവസങ്ങളിലും റിസോർട്ടുകൾക്കും ഹൗസ് ബോട്ടുകൾക്കും ബുക്കിംഗുണ്ട്. ക്രിസ്മസോടെ കൂടുതൽ വിദേശ ടൂറിസ്റ്റുകൾ എത്തിയേക്കും. ഷനോജ് ഇന്ദ്രപ്രസ്ഥം, ടൂറിസം സംരഭകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |