തൃശൂർ: ജനമൈത്രി പൊലീസിനെ പിണറായി വിജയൻ കൊലമൈത്രി പൊലീസാക്കിയെന്ന് എ.ഐ.സിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി. കുന്നംകുളത്ത് കസ്റ്റഡി മർദ്ദനത്തിന് വിധേയനായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്തിനെ ഇന്നലെ രാത്രി ചൊവ്വന്നൂരിലെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതികളായ ഉദ്യോഗസ്ഥന്മാർക്ക് സർവീസിൽ തുടരാൻ അർഹതയില്ല. സുജിത്തിന്റെ നിയമപോരാട്ടത്തിന് ഒപ്പം നിന്ന വർഗീസിന് പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകുമെന്നും ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റിനോട് സംസാരിച്ചിട്ടുണ്ടെന്നും വേണുഗോപാൽ വ്യക്തമാക്കി. സുജിത്തിന് വിവാഹ മംഗളാശംസകൾ നേർന്ന കെ.സി.വേണുഗോപാൽ സമ്മാനമായി ഒരു പവന്റെ സ്വർണ്ണമോതിരവും സമ്മാനിച്ചാണ് മടങ്ങിയത്.
പ്രതികളായ
പൊലീസുകാരെ
പിരിച്ചുവിടണം:
സണ്ണി ജോസഫ്
കണ്ണൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ പൊലീസുകാർക്ക് നൽകിയ സസ്പെൻഷൻ മതിയായ ശിക്ഷാനടപടിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ.സണ്ണിജോസഫ്. ഇവരെ സർവീസിൽ നിന്ന് പിരിച്ചു വിടണമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ അന്വേഷണം കഴിഞ്ഞ് കുറ്റം തെളിയിക്കപ്പെട്ടു, അതിനാൽ കുറ്റത്തിന് ആനുപാതികമായ ശിക്ഷയാണ് നൽകേണ്ടത്. പ്രതികൾക്കെതിരെ ക്രമിനൽ കേസ് രജിസ്റ്റർ ചെയ്യണം. മുഴുവൻ പൊലീസ് സ്റ്റേഷനുകളുടെ മുന്നിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും പറഞ്ഞു.
പ്രതികളോട്
വിട്ടുവീഴ്ചയില്ലെന്ന്
വി.ഡി.സതീശൻ
കൊച്ചി: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിൽ ഉൾപ്പെട്ട പൊലീസുകാരെ പിരിച്ചുവിടണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവർത്തിച്ച് വ്യക്തമാക്കി. ജനങ്ങളെ തല്ലിക്കൊല്ലുന്ന പൊലീസുമായി മുന്നോട്ടു പോയാൽ അതിശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ്, ജനങ്ങളെ ആക്രമിക്കാനല്ല. പീച്ചിയിൽ ഹോട്ടലുടമയുടെ മകനെയും മാനേജരെയും മർദ്ദിച്ചശേഷം അഞ്ച് ലക്ഷം രൂപ വാങ്ങി ഒത്തുതീർപ്പാക്കി. കോക്കസാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. ഡി.ജി.പിക്ക് എസ്.പിമാരിലോ എസ്.പിമാർക്ക് എസ്.എച്ച്.ഒമാരിലോ നിയന്ത്രണമില്ല. പലയിടത്തും സി.പി.എമ്മാണ് ഭരിക്കുന്നത്. പാർട്ടി ലോക്കൽ സെക്രട്ടറിക്കും അടികിട്ടി. അടികിട്ടിയ ലോക്കൽ സെക്രട്ടറിക്ക് സംസാരിക്കാൻ പോലും അനുവാദമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |