തിരുവനന്തപുരം: മാനവ സ്നേഹത്തിന്റെയും അപരൻ താൻ തന്നെയെന്ന കാഴ്ചപ്പാടിന്റെയും മഹാമന്ത്രങ്ങൾ നൽകിയ ശ്രീനാരായണ ഗുരുവിനെ കേവലം മതസന്യാസി ആക്കി മാറ്റാനുള്ള ശ്രമങ്ങൾ ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്യമത വിദ്വേഷവും വർഗീയതയും വളർത്തുന്നവർ ഗുരുവിനെ തങ്ങളുടെ ആളാക്കി മാറ്റാനുള്ള ശ്രമം തിരിച്ചറിയണം.
ശ്രീനാരായണ ഗുരുവിന്റെ 171 -ാമത് ജയന്തിയോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്യമതവിദ്വേഷം അലങ്കാരമാക്കുന്ന വർഗീയ ശക്തികളാൽ ഗുരു അപഹരിക്കപ്പെട്ടുകൂടാ. ഇത്തരം സന്ദർഭത്തിൽ ഗുരുവിന്റെ ആദർശം സംരക്ഷിക്കാൻ കൂടുതൽ ശ്രമം നടത്താൻ ശിവഗിരി മഠത്തിന് കഴിയണം. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള വിദ്യാഭ്യാസം ചെയ്യാനും സ്വതന്ത്രമായി ജീവിക്കാനും കഴിയുന്ന പുതിയ കാലത്തിൽനിന്നും പഴയ കാലത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനാണ് ഒരുകൂട്ടർ ശ്രമിക്കുന്നത്.
ഇത്തരം ശക്തികൾ മേധാവിത്വം വഹിക്കുന്ന അവസ്ഥ വന്നാൽ ഈ സമൂഹത്തിന്റെയാകെ രീതികൾ മാറും. പഴയതിലേക്ക് തിരിച്ചുകൊണ്ടുപോകും. ഓണത്തിന് മഹാബലി അല്ല വാമനനെയാണ് ഓർക്കേണ്ടതെന്ന് ചിലർ പറഞ്ഞതിലൂടെ ഓണവും നഷ്ടപ്പെട്ടു പോകും എന്നത് തിരിച്ചറിയണം. ഈ ആപത്തിനെതിരെ ജാഗ്രതയോടെ നീങ്ങണം. ശ്രീനാരായണ ദർശനങ്ങളിൽ ഊന്നിനിന്ന് ഇവ സംരക്ഷിക്കാൻ ശിവഗിരി മഠത്തിന് കഴിയണം.
മതത്തിന്റെ എല്ലാ സാമ്പ്രദായിക അതിരുകളും കടന്നാണ് ഗുരു പ്രവർത്തിച്ചത്. അവിടെനിന്നും ഗുരുവിനെ അപഹരിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഗുരുവിനെയും അംബേദ്കറെയും മാത്രമല്ല നവോത്ഥാന നായകരിൽ പലരെയും ഹൈജാക്ക് ചെയ്യാൻ വർഗീയശക്തികൾ ശ്രമിക്കുകയാണ്.
ഡിജിറ്റൽകാലത്ത് ജീവിതരീതിയിൽ വലിയ മാറ്റം വന്നു. ഈ മാറ്റങ്ങൾക്കനുസരിച്ച് മനുഷ്യജീവിതത്തെ മാറ്റിയെടുക്കണം. ഇതിന്റെ സാദ്ധ്യതകൾ എല്ലാവിഭാഗം മനുഷ്യർക്കും അനുഭവിക്കാൻ കഴിയുന്ന അവസ്ഥ ഉണ്ടായാലേ ഗുരുദർശനംപോലെ എല്ലാ വൈജാത്യങ്ങൾക്കുമപ്പുറം മനുഷ്യത്വം സാദ്ധ്യമാകൂ. ഈ കാഴ്ചപ്പാടാണ് സംസ്ഥാന സർക്കാർ മുറുകെപ്പിടിക്കുന്നത്. എല്ലാ മനുഷ്യരെയും ഒന്നായി കാണുകയാണ് ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |