തിരുവനന്തപുരം: തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ കേരള പ്രീമിയർ ചെസ് ലീഗിൽ കോഴിക്കോട് കിംഗ്‌സ്ലേയേഴ്‌സ് ചാമ്പ്യന്മാരായി.
ഫൈനലിൽ പാലക്കാടിനെ 13.5-6.5 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് കോഴിക്കോട് കിരീടം നേടിയത്. ചാമ്പ്യന്മാരായ കോഴിക്കോടിന് 10 ലക്ഷം രൂപ സമ്മാനമായി ലഭിച്ചു.
റണ്ണറപ്പായ പാലക്കാടിന് ഏഴ് ലക്ഷം രൂപ ലഭിച്ചു.
പ്ലേ ഓഫ് മത്സരത്തിൽ തൃശൂരിനെ തോൽപ്പിച്ച് മൂന്നാം സ്ഥാനക്കാരായ കൊല്ലത്തിന് നാല് ലക്ഷം രൂപയും നാലാം സ്ഥാനക്കാരായ തൃശൂരിന് മൂന്ന് ലക്ഷം രൂപയുമാണ് സമ്മാനത്തുക.
ഫൈനലിൽ മികച്ച കുതിപ്പ് നടത്തിയാണ് കോഴിക്കോട് ജയിച്ചത്. ഒൻപതാം ബോർഡിൽ ശ്രീജിത്ത് ആദിത്യ ഫുൾ പോയിന്റ് നേടി പാലക്കാടിനെ മുന്നിലെത്തിച്ചതോടെ മത്സരം ആവേശകരമായി ആരംഭിച്ചു. ദാസ് കെ നീരജ് ഏഴാം ബോർഡിൽ സമനിലയിൽ പിരിഞ്ഞതോടെ പാലക്കാട് ലീഡ് നിലനിർത്തി (1.5-0.5). പിന്നീട് കെ.ആർ. മധുസൂദനനും എ.കെ. ജഗദീഷും കോഴിക്കോടിനെ 3-2 എന്ന നിലയിൽ മുന്നിലെത്തിച്ചു. കേരളത്തിൽ നിന്നുള്ള മുൻ ദേശീയ നമ്പർ 2 ജൂനിയർ സസിനാസ് ഹരിത 16-ാം ബോർഡിൽ ജയിച്ച് പാലക്കാടിനെ 3-3 എന്ന നിലയിൽ സമനിലയിലാക്കി. എന്നാൽ അടുത്ത 15 മിനിറ്റിൽ കോഴിക്കോടായിരുന്നു കളം നിറഞ്ഞത്. ക്യാപ്ടൻ ജെ.പി. കരൺ, ഭാവന്യ, അക്കില്ലസ്, ബി. സാലിയൻ എന്നിവർ മുഴുവൻ പോയിന്റുകളും നേടിയതോടെയാണ് കോഴിക്കോട് ജയമുറപ്പിച്ചത്. മൂന്നാം സ്ഥാനക്കാർക്കുള്ള പ്ലേ ഓഫ് മത്സരത്തിൽ, കൊല്ലം തൃശൂരിനെ 11.5-8.5 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |