ആലപ്പുഴ: പൊതുഗതാഗത സംവിധാനങ്ങളിൽ ഭിന്നശേഷിക്കാർക്ക് സംവരണ സീറ്റുണ്ട്. എന്നാൽ, പടിക്കെട്ടുകൾ കയറാൻ സഹായിക്കുന്ന സംവിധാനങ്ങളില്ല. വർഷങ്ങൾക്ക് മുമ്പ് ഏതാനും ലോഫ്ലോർ ബസുകളിൽ ഭിന്നശേഷിക്കാർക്ക്
സ്വയം വീൽ ചെയർ ഓടിച്ചുകയറ്റാൻ സാധിക്കുന്ന ഓട്ടോമാറ്റിക് സംവിധാനമുണ്ടായിരുന്നത് ആശ്വസകരമായിരുന്നു. എന്നാൽ, ക്രമേണ ഈ സംവിധാനം നിലച്ചു. ലോ ഫ്ലോറിൽ വീൽ ചെയർ കയറ്റണമെങ്കിൽ പോലും ഒരു കൂട്ടം ആളുകളെത്തി പൊക്കിയെടുത്ത് വയ്ക്കേണ്ട അവസ്ഥയാണ്. ഇതോടെ ജോലി സ്ഥലത്തേക്ക് എത്താനുൾപ്പടെ കൂടുതൽ പണം ചെലവഴിച്ച് ബദൽ
മാർഗങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. ഇത് സാധാരണക്കാരെ കടുത്ത സാമ്പത്തിക ബാദ്ധ്യതയിലേക്ക് നയിക്കുമെന്നതിൽ തർക്കമില്ല.
കാലിന് ചലനശേഷിയില്ലാത്തവർക്ക് സന്നദ്ധ സംഘടനകളുടെയും സുമനസ്സുകളുടെയും സഹായത്തോടെ വീൽ ചെയർ ലഭിക്കുന്ന ധാരാളം പദ്ധതികളുണ്ട്. എന്നാൽ, പൊതുഗതാഗത സംവിധാനങ്ങളിൽ ഇവ കയറ്റാൻ കഴിയുന്ന സൗകര്യം കൂടി ഒരുക്കിയാൽ തങ്ങൾക്കും വിശാലമായ ലോകം കാണാൻ അവസരം ലഭിക്കുമെന്നാണ് ഭിന്നശേഷിക്കാർ പറയുന്നത്
ആലപ്പുഴയിലടക്കം ഹിറ്റായ കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ യാത്രകളിൽ പോലും വീൽ ചെയർ ഉപയോക്താക്കൾക്ക് അവസരം നിഷേധിക്കപ്പെടുകയാണ്. ഓർഡിനറി ബസുകളോ, ഫാസ്റ്റ് പാസഞ്ചർ ബസുകളോ ആണ് ടൂറിസം യാത്രയ്ത്ത് തിരഞ്ഞെടുക്കുന്നത്. പടിക്കെട്ടുകൾ ഉയരത്തിലായതിനാൽ വീൽചെയർ കയറ്റാനാവില്ല. അഥവാ കയറ്റിയാൽ പോലും ബസിനുള്ളൽ സഞ്ചരിക്കാൻ സ്ഥലസൗകര്യമില്ല. അതേസമയം ലോ ഫ്ലോർ ബസുകളിൽ ഇത്തരം സംവിധാനങ്ങൾ എളുപ്പത്തിൽ പ്രാവർത്തികമാക്കാൻ സാധിക്കും.
യാത്രാബോട്ടുകളിലും സമാനമാണ് സ്ഥിതി. ഭൂരിഭാഗം ജെട്ടികളിൽ നിന്നും ബോട്ടിന്റെ പടിയിലേക്ക് കയറാൻ വികലാംഗർക്ക് പ്രത്യേക സംവിധാനങ്ങളില്ല. ജങ്കാർ സംവിധാനമുള്ള ബോട്ടുകളിൽ മാത്രമാണ് വീൽചെയർ കയറ്റാൻ സൗകര്യമുള്ളത്. അംഗപരിമിതരായ ഭൂരിഭാഗം പേരും, വീൽ ചെയർ മടക്കിവയ്ക്കാൻ സൗകര്യമുള്ള ഓട്ടോറിക്ഷകളെയാണ് ആശ്രയിക്കുന്നത്.
ബസിൽ സംവിധാനം വേണം
#മുമ്പ് ലോ ഫ്ലോർ ബസിൽ വീൽചെയർ കയറ്റാനുണ്ടായിരുന്ന ഓട്ടോമാറ്റിക് സംവിധാനം പുനഃസ്ഥാപിക്കണം
#കാലിന് ശേഷിയില്ലാത്തവരെയും കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമാക്കണം
#ബോട്ടുകളിൽ പ്രവേശിക്കാൻ താത്കാലിക റാമ്പ് സംവിധാനങ്ങൾ വേണം
ജോലി സ്ഥലത്തേക്ക് എല്ലാദിവസവും സ്വകാര്യ വാഹനങ്ങളെ ആശ്രയിച്ചാണ് എത്തുന്നത്. ഇത് സാമ്പത്തിക ബാദ്ധ്യത വരുത്തുന്നു. കുറച്ച് ലോ ഫ്ലോർ ബസുകളിലെങ്കിലും വീൽചെയർ കയറ്റാൻ സൗകര്യമുണ്ടെങ്കിൽ വലിയ ആശ്വാസമാകും
- ആലപ്പുഴ സ്വദേശിയായ യുവതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |