കൊച്ചി: മന്ത്രിസഭയിലെ ആശയക്കുഴപ്പം കാരണം മാറ്റിവച്ച മന്ത്രവാദ, ആഭിചാര നിരോധനബില്ലിന് (2022) പകരം അന്ധവിശ്വാസവിരുദ്ധ നിയമ നിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നു. കേരള യുക്തിവാദി സംഘത്തിന്റെ ഹർജിയിൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കി. കർണാടകയിലും മഹാരാഷ്ട്രയിലും നിലവിലുള്ള നിയമത്തിന്റെ മാതൃകയാവും സ്വീകരിക്കുക. നിയമനിർമ്മാണത്തിന് നാലാഴ്ചയ്ക്കകം പ്രാരംഭ നടപടികളെടുക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. ഒക്ടോബർ 7ന് ഹർജി വീണ്ടും പരിഗണിക്കും.
മന്ത്രവാദ, ആഭിചാര പ്രവർത്തനങ്ങളുടെ നിരോധനത്തിന് 'കേരള പ്രിവൻഷൻ ആൻഡ് എറാഡിക്കേഷൻ ഒഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ്, സോർസെറി ആൻഡ് ബ്ലാക്മാജിക് ബിൽ' ആണ് നേരത്തേ പരിഗണിച്ചത്. ഇലന്തൂർ ഇരട്ടനരബലി കേസിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. എന്നാൽ ബിൽ മാറ്റിവയ്ക്കാൻ 2023 ജൂലായ് 5ലെ മന്ത്രിസഭായോഗം തീരുമാനിച്ചു. നിയമപരവും ഭരണഘടനാപരവുമായ തടസങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
ഹൈക്കോടതി വിശദാംശങ്ങൾ തേടിയിരുന്നെങ്കിലും മന്ത്രിസഭാചർച്ചകൾ രഹസ്യാത്മകമായതിനാൽ വെളിപ്പെടുത്താൻ നിർബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. പരിഗണനയിലുള്ള അന്ധവിശ്വാസ വിരുദ്ധ നിയമത്തിനായി അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സാമൂഹികനീതി, പൊലീസ്, ആരോഗ്യവകുപ്പുകളിൽനിന്നും അഡ്വക്കേറ്റ് ജനറലിൽനിന്നും അഭിപ്രായം തേടേണ്ടതിനാൽ അന്തിമരൂപത്തിലാകാൻ സമയമെടുക്കും. ഇതുകൂടി കണക്കിലെടുത്താണ് ഒരുമാസത്തിനകം പ്രാരംഭ നടപടികളെങ്കിലും സ്വീകരിക്കാൻ കോടതി നിർദ്ദേശിച്ചത്.
38 കേസുകൾ
ആഭിചാരവുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 5 വർഷത്തിനിടെ 38 കേസുകൾ രജിസ്റ്റർ ചെയ്തതായി ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചു. ഭാരതീയ ന്യായസംഹിത, പൊലീസ് ആക്ട്, പോക്സോനിയമം, ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് ആക്ട് തുടങ്ങിയവയിലെ ഉചിതമായ വകുപ്പുകൾ ചുമത്തി ഫലപ്രദമായ വിചാരണ നടക്കുന്നതായും വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |