കുളത്തൂർ: അർദ്ധരാത്രി വീട്ടുകാരുടെ മുന്നിൽ വച്ച് തുമ്പ പൊലീസ് പിടിച്ചുകൊണ്ടുപോയ 17 കാരനെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കൾ തുമ്പ പൊലീസിൽ പരാതി നൽകി.പള്ളിത്തുറ ക്രിസ്തുരാജ ലെയ്ൻ വലിയവിളാകംവീട്ടിൽ സെബാസ്റ്റ്യന്റെ മകൻ സെബിനെയാണ് (17) കാണാതായത്.
കഴിഞ്ഞ ദിവസം പള്ളിത്തുറ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളയ്ക്കിടെ ഡാൻസ് കളിച്ചതുമായി ബന്ധപ്പെട്ട് യുവാക്കൾ തമ്മിൽ വാക്കുതർക്കമുണ്ടായി.ഇതുമായി ബന്ധപ്പെട്ട് മറ്റൊരു യുവാവിന്റെ വീട് ചോദിച്ചാണ് തുമ്പ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സെബിന്റെ വീട്ടിലെത്തിയത്.യുവാവിന്റെ വീട് കാട്ടിത്തരാനാണ് മകനെ കൂട്ടികൊണ്ടുപോകുന്നതെന്നാണ് പൊലീസ് വീട്ടുകാരോട് പറഞ്ഞത്.
ജീപ്പിൽ കയറ്റാൻ ശ്രമിച്ചപ്പോൾ, താൻ സൈക്കിളിൽ വരാമെന്ന് പറഞ്ഞ് സെബിൻ സൈക്കിളുമായാണ് പൊലീസിനൊപ്പം പോയത്.അതിനുശേഷം തിരികെ സൈക്കിളിൽ വീട്ടിലെത്തിയ സെബിനെ പൊലീസ് വീണ്ടും ജീപ്പിൽ കയറ്റിക്കൊണ്ടുപോയതായി വീട്ടുകാർ പറയുന്നു.സെബിൻ ഉൾപ്പെടെ മൂന്നുപേരെ സംഭവത്തിൽ പൊലീസ് പിടികൂടി സ്റ്റേഷനിൽ ഇരുത്തിയിരുന്നതായും,പിറ്റേന്ന് രാവിലെ മറ്റ് യുവാക്കളുടെ ബന്ധുക്കളുടെ കൂടെ മൂന്നുപേരെയും പറഞ്ഞു വിട്ടതായും തുമ്പ പൊലീസ് പറയുന്നു.എന്നാൽ മറ്റു കുട്ടികൾ വീട്ടിലെത്തിയിട്ടും മകൻ എത്താത്തതിനെ തുടർന്ന്,രാത്രി വൈകും വരെയും അന്വേഷിച്ചിട്ടും കണ്ടെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ പരാതിയുമായി സ്റ്റേഷനിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |