കോഴിക്കോട്: ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാത നിർമ്മാണം 60 മാസം കൊണ്ട് തീർക്കാനുള്ള ശ്രമത്തിനിടെ പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ പാതയുടെ സർവേ നടപടികൾ ഇന്ന് ആരംഭിക്കും. തുരങ്കപാതയ്ക്കു മുന്നോടിയായി ആനക്കാംപൊയിൽ ഭാഗത്തു നിന്നുള്ള താത്കാലിക പാലം നിർമ്മാണ പ്രവൃത്തി നാളെ തുടങ്ങുമെന്നാണ് വിവരം. ഇതിന്റെ പണി ഡിസംബറിൽ പൂർത്തിയാക്കാനാണ് ശ്രമം. അതിനിടെയാണ് പൂഴിത്തോട് -പടിഞ്ഞാറത്തറ ബദൽപാതയുടെ സർവേയും തുടങ്ങുന്നത്.
ഇന്ന് രാവിലെ എട്ടിന് ഉദ്യോഗസ്ഥ സംഘം സർവേയ്ക്കായി വനത്തിലെത്തും. രാവിലെ പൂഴിത്തോട് ഭാഗത്ത് സർവേ സംഘത്തിന്റെ യാത്ര ഫ്ലാഗ് ഒഫ് നടക്കും. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് സർവേ നടത്തുന്നത്. അഞ്ചു കിലോമീറ്റർ വനത്തിനുള്ളിൽ ജി.പി.എസ് സർവേയും ഡ്രോൺ സർവേയുമാണ് നടത്തുന്നത്. പൊതുമരാമത്ത്, വനം വകുപ്പ് അധികൃതർക്കൊപ്പം യു.എൽ.സി.സി ടീമുമാണ് സർവേയിൽ പങ്കെടുക്കുക. സർവേ പൂർത്തിയായാൽ റോഡിന്റെ രൂപരേഖ തയ്യാറാക്കും. 2024 മാർച്ചിലാണ് പൂഴിത്തോട് - പടിഞ്ഞാറത്തറ ബദൽ റോഡിന്റെ സാദ്ധ്യതാ പഠനത്തിന് സംസ്ഥാന സർക്കാർ 1.5 കോടി രൂപ അനുവദിച്ചത്. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ ഭാഗത്ത് വനത്തിനകത്തും പുറത്തുമായി സർവേ നടപടികൾ മാസങ്ങൾക്കു മുമ്പ് പൂർത്തിയായിരുന്നുവെന്നാണ് വിവരം. പൂഴിത്തോട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായതിനാൽ വനംവകുപ്പിന്റെ അനുമതി വേണമായിരുന്നു. ഇത് കിട്ടാൻ വൈകിയതിനെ തുടർന്നാണ് സർവേ വെെകിയത്. വയനാട് തുരങ്കപാതയ്ക്കൊപ്പം ബദൽറോഡിന്റെ സർവേ ജോലികളും തുടങ്ങുന്നത് പ്രതീക്ഷാജനകമാണ്. താമരശ്ശേരി ചുരം വഴിയുള്ള യാത്രാദുരിതത്തിന് വലിയൊരളവിൽ പരിഹാരമാകുന്നതാണ് പദ്ധതികൾ.
18ന് വനംവകുപ്പ് അനുവദിച്ച സമയപരിധി തീരും. അതിനു മുമ്പ് സർവേ പൂർത്തിയാക്കാനാണ് ശ്രമം. പൂഴിത്തോട് ഭാഗത്ത് വനത്തിന് പുറത്തെ സർവേ നടത്തിയിരുന്നു. 1994ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പടിഞ്ഞാറത്തറയിലും പൊതുമരാമത്ത് മന്ത്രി പി.കെ.കെ.ബാവ പൂഴിത്തോടും തറക്കല്ലിട്ട പദ്ധതിയാണ്. കേന്ദ്ര വനം -പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് പദ്ധതിയ്ക്ക് തടസമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |