ആലുവ: അദ്വൈതാശ്രമം വളപ്പിൽ സ്ഥാപിച്ചിരുന്ന പീതപതാകകളും ഗുരുദേവ ജയന്തിയുടെ പ്രചാരണ ബോർഡും നശിപ്പിച്ച ആലുവ നഗരസഭക്കെതിരെ വ്യാപക പ്രതിഷേധം. വിവിധ ശ്രീനാരായണീയ സംഘടനകൾക്ക് പുറമെ സി.പി.എം, ബി.ജെ.പി പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തി. ഇരുപാർട്ടികളുടെയും പ്രതിഷേധം പൊലീസുമായുള്ള ബലപ്രയോഗത്തിലാണ് കലാശിച്ചത്.
സി.പി.എം ഉപരോധം
അദ്വൈതാശ്രമത്തിന്റെ നേതൃത്വത്തിലുള്ള സമരം അവസാനിച്ച് പൊലീസ് പിരിഞ്ഞുപോകുന്നതിന് മുമ്പായി സി.പി.എം പ്രവർത്തകർ നഗരസഭാ ചെയർമാന്റെ ചേംബറിലേക്ക് മുദ്രാവാക്യം വിളികളുമായി ഇരച്ചെത്തുകയായിരുന്നു. പ്രതിഷേധക്കാരെ പൊലീസിന് തടയാൻ പോലുമായില്ല. ചേംബറിന് മുമ്പിൽ മുദ്രാവാക്യം വിളികളുമായി നിന്ന പ്രവർത്തകർ ചെയർമാന്റെ മുറിയിലേക്കും കയറി. ഏറെ സമയത്തിന് ശേഷമാണ് ഇവരെ പുറത്താക്കാൻ പൊലീസിന് കഴിഞ്ഞത്.
സി.പി.എം ലോക്കൽ സെക്രട്ടറി രാജീവ് സക്കറിയ ഉപരോധം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ മിനി ബൈജു, ശ്രീലത വിനോദ്കുമാർ, ടിന്റു രാജേഷ്, ദിവ്യ സുനിൽ, കമ്മിറ്റി അംഗങ്ങളായ ശ്യാം പത്മനാഭൻ, കെ.ഐ. കുഞ്ഞുമോൻ, ഫെബിൻ പള്ളത്ത്, ഷാജഹാൻ വില്ലത്ത്, കെ.വി. മാർട്ടിൻ, പി.ആർ. രാജേഷ്, എം.എസ്. അജിത് എന്നിവർ നേതൃത്വം നൽകി.
ആലുവ അദ്വൈതാശ്രമത്തെയും ലക്ഷക്കണക്കിന് പേർ ആരാധിക്കുന്ന ഗുരുദേവനെയും അവഹേളിക്കുന്ന സമീപനമാണ് നഗരസഭാ അധികൃതർ സ്വീകരിക്കുന്നതെന്ന് രാജീവ് സക്കറിയ ആരോപിച്ചു.
ബി.ജെ.പി ഉപരോധം
ആലുവ അദ്വൈതാശ്രമത്തെയും ഗുരുദേവ പ്രസ്ഥാനങ്ങളെയും നിന്ദിച്ച ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ജില്ലാ സെക്രട്ടറി എ. സെന്തിൽകുമാർ, മണ്ഡലം ജനറൽ സെക്രട്ടറി എൻ. ശ്രീകാന്ത്, വൈസ് പ്രസിഡന്റ് ശ്രീലത രാധാകൃഷ്ണൻ, സെക്രട്ടറി എ.എസ്. സാലിമോൻ, മുനിസിപ്പൽ പ്രസിഡന്റ് ആർ. പത്മകുമാർ, ഒ.ബി.സി മോർച്ച ജില്ലാപ്രസിഡന്റ് സോമശേഖരൻ, ജനറൽ സെക്രട്ടറി കെ.ആർ. റെജി, സംസ്ഥാന സെക്രട്ടറി ബാബു കരിയാട് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പൊലീസ് സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് കള്ളക്കേസെടുത്തതായി സമരക്കാർ ആരോപിച്ചു.
അനാവശ്യമായി ബഹളം കൂട്ടിയ സി.പി.എം പ്രവർത്തകരെ അറസ്റ്റ് പോലും ചെയ്യാതെ വിട്ടയച്ചതായും ഇത് പൊലീസിന്റെ ഇരട്ടത്താപ്പാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
ഗുരുധർമ പ്രചാരണ സഭ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു
അദ്വൈതാശ്രമം വളപ്പിൽ സ്ഥാപിച്ചിരുന്ന ബോർഡും പീതപതാകകളും സ്കൂൾ മതിലിന് മുകളിൽ സ്ഥാപിച്ചിരുന്ന ബോർഡും ആലുവ നഗരസഭ ജീവനക്കാർ നശിപ്പിച്ച സംഭവത്തിൽ ഗുരുധർമ പ്രചാരണ സഭ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ അധിക്ഷേപിക്കുന്ന നടപടിയാണ് നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടായത്. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡി. ബാബുരാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ആർ. ലക്ഷ്മണൻ, വൈസ് പ്രസിഡന്റ് പി.പി. ബാബു എന്നിവർ പ്രസംഗിച്ചു.
ശ്രീനാരായണ സാംസ്കാരിക സമിതി പ്രതിഷേധിച്ചു
ആലുവ അദ്വൈതാശ്രമത്തിൽ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ച കൊടി തോരണങ്ങൾ മുനിസിപ്പാലിറ്റി പൊളിച്ചുനീക്കി ഗുരുദേവനോട് അനാദരവ് കാണിച്ചതിൽ ശ്രീനാരായണ സാംസ്കാരിക സമിതി പ്രതിഷേധിച്ചു.
ആലുവയിൽ നടന്ന പ്രതിഷേധത്തിൽ സംസ്ഥാന സമിതി അംഗം കെ.കെ. പീതാംബരൻ, ജില്ലാ ട്രഷറർ വി.എസ്. സുരേഷ്, കെ.കെ. നാരായണൻ, സി.എൻ. ചന്ദ്ര, പുഷ്പ ദിവാകരൻ തുടങ്ങിയവർ പങ്കെടുത്തു.
നടപടിയാവശ്യപ്പെട്ട് സെക്രട്ടറിക്ക് നിവേദനം
അദ്വൈതാശ്രമത്തിൽ ഗുരുജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന പീതപതാകകളും ബോർഡുകളും നശിപ്പിച്ച ആലുവ നഗരസഭാ ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ശ്രീനാരായണ ക്ലബ് നഗരസഭാ സെക്രട്ടറിക്ക് രേഖാമൂലം നിവേദനം നൽകി. ക്ലബ് സെക്രട്ടറി കെ.എൻ. ദിവാകരൻ, അസി. സെക്രട്ടറി ടി.യു. ലാലൻ, ആർ.കെ. ശിവൻ, പി.എം. വേണു, ലൈല സുകുമാരൻ, സുഷമ രവീന്ദ്രനാഥ്, പൊന്നമ്മ കുമാരൻ എന്നിവരുടെ നേതൃത്വത്തിലാണ് മുനിസിപ്പൽ ചെയർമാനും സെക്രട്ടറിക്കും നിവേദനം നൽകിയത്.
ജീവനക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറിയും
അദ്വൈതാശ്രമത്തിൽ ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരുന്ന പീതപതാകയും, ബോർഡുകളും നീക്കം ചെയ്ത ആലുവ നഗരസഭാ ജീവനക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി തമ്പി സുബ്രഹ്മണ്യവും ബാരിഷ് വിശ്വനാഥും ആവശ്യപ്പെട്ടു.
നഗരസഭാ ചെയർമാൻ എം.ഒ. ജോണിനെ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ബന്ധപ്പെടുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഇരുവരും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |