കോഴിക്കോട്: മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയിൽ മൂന്നുദിവസം മുമ്പ് ഖബറടക്കിയ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി. കഴിഞ്ഞ ഏഴിന് തോപ്പയിൽ ജുമാമസ്ജിദിൽ ഖബറടക്കിയ വെസ്റ്റ്ഹിൽ കോന്നാട് ബീച്ച് തോണിച്ചാൽ വീട്ടിൽ അസീമിന്റെ (40) മൃതദേഹമാണ് ഇന്നലെ രാവിലെ 10 മണിയോടെ പുറത്തെടുത്ത് മെഡി.കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയത്. തഹസിൽദാരും ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തുണ്ടായിരുന്നു. പരിശോധന നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. പ്രാഥമിക റിപ്പോർട്ടിൽ അസ്വാഭാവികതയൊന്നുമില്ലെങ്കിലും ആന്തരിക പരിശോധനയ്ക്കായി സാമ്പിളുകൾ കോഴിക്കോട് കെമിക്കൽ ലാബിലേക്ക് അയയ്ക്കുമെന്ന് വെള്ളയിൽ എസ്.ഐ എം. അഭിലാഷ് പറഞ്ഞു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അസീമിനെ വീട്ടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് ബീച്ച് ആശുപത്രിയിലും പിന്നീട് മെഡി.കോളേജിലും എത്തിച്ചു. തലയ്ക്കുള്ളിൽ ഗുരുതര പരിക്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്താനിരിക്കെ ഞായറാഴ്ച പുലർച്ചെ മരിച്ചു. മൃതദേഹം വീട്ടിലെത്തിച്ച് തോപ്പയിൽ ജുമാമസ്ജിദിൽ ഖബറടക്കുകയും ചെയ്തു. അസീമിന്റെ മുഖത്തും വലതുകൈയിലും നെഞ്ചിലും പരിക്കേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നുവെന്ന് കാണിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയത്. വെള്ളയിൽ എസ്.ഐ എം അഭിലാഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |