ന്യൂഡൽഹി: അനുമതിയില്ലാതെ തന്റെ ചിത്രങ്ങൾ പരസ്യത്തിന് ഉപയോഗിക്കുന്നുവെന്ന ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന്റെ ഹർജിയിൽ ഇടപെട്ട് ഡൽഹി ഹൈക്കോടതി. ഐശ്വര്യയുടെ അനുമതിയില്ലാതെ അവരുടെ പേര്, ചിത്രം എന്നിവ ഉപയോഗിക്കുന്നതിൽ നിന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളെ അടക്കം വിലക്കി. അത്തരം പരസ്യങ്ങൾ നീക്കണമെന്ന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. വ്യക്തിയെന്ന നിലയിലുള്ള തന്റെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഐശ്വര്യ ആവശ്യപ്പെട്ടിരുന്നു. ചിത്രങ്ങളുടെ ദുരുപയോഗം ഐശ്വര്യയുടെ അന്തസായി ജീവിക്കാനുള്ള മൗലികാവകാശം ലംഘിക്കുന്നതാണെന്ന് ജസ്റ്റിസ് തേജസ് കരിയ നിരീക്ഷിച്ചു. നടിയുടെ പരസ്യവരുമാനത്തെയും ബാധിക്കും. ഇന്ത്യൻ കലാരംഗത്ത് ഏറെ തിളക്കമുള്ള വ്യക്തിത്വമാണ് ഐശ്വര്യ റായ്. പല കമ്പനികളുടെയും ബ്രാൻഡ് അംബാസഡറാണ്. സൽപേരും പ്രശസ്‌തിയുമുള്ളതിനാൽ അവരുടെ മുഖം വരുന്ന ബ്രാൻഡുകളിൽ ജനങ്ങൾ വിശ്വാസം അർപ്പിക്കും. അതിനെ ദുരുപയോഗം ചെയ്യാൻ അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി നിലപാടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |