കൊല്ലം: മൃഗാശുപത്രികളിലെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ മൃഗസംരക്ഷണ വകുപ്പ് ആരംഭിച്ച ഇ-സമൃദ്ധ ജില്ലയിൽ ഉടൻ ആരംഭിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സമഗ്ര ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് 'ഇ-സമൃദ്ധ''.
മൃഗസംരക്ഷണ, ക്ഷീരവികസന മേഖലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വിജയകരമായി നടപ്പാക്കിയ പദ്ധതി, സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിൽ നടപ്പാക്കുന്നത്. വെറ്ററിനറി ഡോക്ടർമാർക്ക് വിശദമായ ആരോഗ്യ രേഖകൾ, മുൻകാല ചികിത്സ, വാക്സിനേഷൻ വിവരങ്ങൾ എന്നിവ ഇതിലൂടെ എളുപ്പത്തിൽ ലഭ്യമാക്കാനാകും. അനിമൽ ഹെൽത്ത് ഇൻഫർമേഷൻ മാനേജ്മെന്റ് സംവിധാനം, മൃഗാശുപത്രികൾക്കായി ഒ.പി മാനേജ്മെന്റ് സംവിധാനം, കർഷകർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയുള്ള മൊബൈൽ ആപ്ലിക്കേഷനുകൾ, വകുപ്പിലെ വിവിധ ലാബുകളെ കോർത്തിണക്കിയുള്ള ലബോറട്ടറി മാനേജ്മെന്റ്, കന്നുകാലികളിലെ ബ്രീഡിംഗ് മാനേജ്മെന്റ്, നവീകരിച്ച പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതിയുടെ നടത്തിപ്പിനായുള്ള ആപ്ലിക്കേഷൻ ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് ഇ-സമൃദ്ധ''യിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇ സമൃദ്ധയിൽ മൊബൈൽ ആപ്ലിക്കേഷനും ഉൾപ്പെടുത്തിയിട്ടുണ്ട് പദ്ധതി പൂർണ്ണ പ്രവർത്തനസജ്ജമാകുന്നതോടുകൂടി മൊബൈൽ ആപ്ലിക്കേഷൻ വഴി കർഷകർക്ക് വെറ്ററിനറി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാനും മൃഗങ്ങളുടെ ചികിത്സാകാര്യം അറിയാനും, മരുന്ന് കുറിപ്പടികൾ കാണാനും സാധിക്കും. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഫീൽഡ് സന്ദർശന വേളയിൽ വിവരങ്ങൾ രേഖപ്പെടുത്താനും ആപ്പ് ഉപയോഗിക്കാം. ഡാറ്റാ അനലിറ്റിക്സ്, ക്ലൗഡ് കമ്പ്യൂട്ടിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഇതിൽ ഉപയോഗിക്കുന്നുണ്ട്.
ജില്ലയിലും ഉടൻ ഇ-സമൃദ്ധ
ചണ്ണപ്പേട്ട ചിതറ ചടയമംഗലം ചെറുവയ്ക്കൽ റോഡ് വിള കടയ്ക്കൽ നിലമേൽ കുമ്മിൾ
(സേവനം ലഭിക്കുന്ന മൃഗാശുപത്രികൾ)
ചികിത്സ മുൻകൂട്ടി ബുക്ക് ചെയ്യാനും ആരോഗ്യ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കാനും മൃഗപരിപാലനവുമായി ബന്ധപ്പെട്ട മറ്റ് സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാനും സാധിക്കും.
ഡോ. ഡി.ഷൈൻകുമാർ
ജില്ലാ മൃഗസംരക്ഷണ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |