ഓഹരി, സ്വർണ വിപണികളിൽ കുതിപ്പ് തുടരുന്നു
റെക്കാഡ് പുതുക്കി പവൻ വില@81,600 രൂപയിൽ
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങളുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെയും സ്വർണ വില റെക്കാഡ് പുതുക്കി മുന്നേറി. അമേരിക്കയിൽ പലിശ കുറയുമെന്ന വാർത്തകളും പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധവും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം വർദ്ധിപ്പിക്കുകയാണ്. ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യയിടിവും വില കൂടാൻ സഹായിച്ചു.
രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ട്രോയ് ഔൺസിന്(31.1 ഗ്രാം) 3,642 ഡോളറിലാണ്. കേരളത്തിൽ പവൻ വില ഇന്നലെ 560 രൂപ വർദ്ധിച്ച് 81,600 രൂപയായി. രൂപയുടെ വിനിമയ നിരക്ക് 88.37ലാണ്. ഗ്രാമിന്റെ വില 70 രൂപ വർദ്ധിച്ച് 10,200 രൂപയിലെത്തി.
അമേരിക്കയിൽ മാന്ദ്യ സാഹചര്യം ശക്തമായതിനാൽ നടപ്പുവർഷം മുഖ്യ പലിശ നിരക്ക് രണ്ട് തവണ കുറയ്ക്കുമെന്ന വാർത്തകളാണ് സ്വർണത്തിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചത്. ഇതോടൊപ്പം വിവിധ കേന്ദ്ര ബാങ്കുകൾ യു.എസ് ട്രഷറി നിക്ഷേപങ്ങൾ വിറ്റൊഴിച്ച് സ്വർണ ശേഖരം ഉയർത്തിയതും അനുകൂലമായി.
ഓഹരി വിപണിയിലും കുതിപ്പ്
ജി.എസ്.ടി ഇളവിലെ പ്രതീക്ഷകളും ആഗോള മേഖലയിലെ അനുകൂല സാഹചര്യങ്ങളും തുടർച്ചയായ എട്ടാം ദിവസവും ഇന്ത്യൻ ഓഹരി വിപണിക്ക് കരുത്ത് പകർന്നു. ലോകത്തിലെ പ്രമുഖ വിപണികളെല്ലാം ഇന്നലെ മികച്ച മുന്നേറ്റം കാഴ്ചവച്ചു. ഫെഡറൽ റിസർവ് അടുത്ത ആഴ്ച പലിശ കുറയ്ക്കുമെന്ന വാർത്തകളാണ് നിക്ഷേപകർക്ക് ആവേശം സൃഷ്‌ടിച്ചത്. ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാറിലെത്താനുള്ള സാദ്ധ്യതകളും അനുകൂലമായി. സെൻസെക്സ് 355.97 പോയിന്റ് ഉയർന്ന് 81,904.70ൽ അവസാനിച്ചു. നിഫ്‌റ്റി 108.50 പോയിന്റ് നേട്ടത്തോടെ 25,114ൽ എത്തി. ബജാജ് ഫിനാൻസ്, ഭാരത് ഇലക്ട്രോണിക്സ്, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
ക്രൂഡ് വില 67 ഡോളറിൽ
തകർച്ചയിൽ നിന്ന് കരകയറി രൂപ
ആഭ്യന്തര ഓഹരി വിപണിയിൽ മുന്നേറ്റം തുടരുന്നതിനാൽ വിദേശ നിക്ഷേപകർ തിരിച്ചെത്തിയതോടെ അമേരിക്കൻ ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. ഒരവസരത്തിൽ 88.42 വരെ താഴ്ന്ന രൂപ വ്യാപാരം അവസാനിച്ചപ്പോൾ ഏഴ് പൈസ നേട്ടത്തോടെ 88.28ൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |