ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വില വർദ്ധന വിനയായി
കൊച്ചി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ആഗസ്റ്റിൽ 2.07 ശതമാനമായി ഉയർന്നു. ജൂലായിൽ നാണയപ്പെരുപ്പം എട്ടു വർഷത്തെ കുറഞ്ഞ തലമായ 1.55 ശതമാനം വരെ താഴ്‌ന്നിരുന്നു. ബേസ് ഇഫക്‌ടിലെ നേട്ടം മങ്ങിയതും ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയിലുണ്ടായ വർദ്ധനയും പ്രതികൂലമായി. തുടർച്ചയായ ഏഴാമത്തെ മാസമാണ് നാണയപ്പെരുപ്പം റിസർവ് ബാങ്ക് ലക്ഷ്യമിടുന്ന നാല് ശതമാനത്തിലും താഴെ നിലനിൽക്കുന്നത്.
നാണയപ്പെരുപ്പം കണക്കാക്കുന്നതിൽ 50 ശതമാനം പങ്കാളിത്തമുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ വില ആഗസ്‌റ്റിൽ 0.69 ശതമാനം കുറഞ്ഞു. ജൂലായിൽ ഭക്ഷ്യ വില 1.76 ശതമാനം കുറഞ്ഞിരുന്നു. ഇന്ധന വിലയിൽ 2.43 ശതമാനം വളർച്ചയുണ്ടായി. മത്സ്യം, മാംസം, മുട്ട എന്നിവയുടെ വിലയും ഉയർന്നു.
ഗ്രാമീണ മേഖലയിൽ 1.69 ശതമാനവും നഗരങ്ങളിൽ 2.47 ശതമാനവും വർദ്ധനയാണ് വില സൂചികയിലുണ്ടായത്.
വിലക്കയറ്റത്തിൽ ഇത്തവണയും കേരളം ഒന്നാമത്
ഉപഭോക്തൃ വില അടിസ്ഥാനമായ നാണയപ്പെരുപ്പത്തിൽ ആഗസ്റ്റിലും കേരളം ഒന്നാം സ്ഥാനം നിലനിറുത്തി. കേരളത്തിലെ റീട്ടെയിൽ വില സൂചികയിലെ വർദ്ധന 9.04 ശതമാനമാണ്. ഉത്പന്ന വില 0.66 ശതമാനം കുറഞ്ഞ ആസാമാണ് ഏറ്റവും പിന്നിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |