നേമം: തലസ്ഥാനവാസികളുടെ ദീർഘകാല സ്വപ്നമായ നേമം റെയിൽവേ സ്റ്റേഷൻ വികസനം ഇഴയുന്നു.ഇടയ്ക്ക് ദ്രുതഗതിയിൽ നീങ്ങിയ പദ്ധതി വീണ്ടും ഒച്ചിഴയും പോലെയാണ് പുരോഗമിക്കുന്നത്. തിരുവനന്തപുരം സൗത്ത് എന്ന രീതിയിൽ ഓപ്പറേറ്റിംഗ് സ്റ്റേഷനായി നേമത്തെ വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നേമം റെയിൽവേ ടെർമിനൽ സ്റ്റേഷൻ നിർമ്മാണത്തിനുള്ള ഭൂമിയേറ്റെടുത്ത് കൈമാറാൻ, സംസ്ഥാന സർക്കാർ വൈകുന്നതാണ് പ്രശ്നമെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
സ്റ്റേഷൻ കെട്ടിടത്തിന്റെ ഭാഗത്താണ് ഭൂമി ലഭിക്കാനുള്ളത്. ലഭ്യമായ സ്ഥലത്ത് മാത്രമാണ് ഇപ്പോൾ നിർമ്മാണം നടക്കുന്നത്.ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള രണ്ടു പിറ്റ്‌ലൈനുകളുടെ നിർമ്മാണം 600 മീറ്ററോളം തീർന്നെങ്കിലും അതിന്റെ ഒരറ്റത്ത് ഭൂമി ലഭിക്കാനുണ്ട്.
ഭൂമിക്കുള്ള മുഴുവൻ തുകയും കേന്ദ്രമാണ് നൽകുന്നത്. അതിനാൽ സംസ്ഥാനത്തിന് സാമ്പത്തിക ബാദ്ധ്യതയില്ല. ദേശീയപാതയിൽ നേമം സ്‌കൂളിന് തൊട്ടടുത്തുകൂടി ടെർമിനലിലേക്കു പുതിയ ഫ്ലൈഓവർ നിർമ്മിക്കും.ഇവിടെയും സർക്കാർ സ്ഥലമേറ്റെടുത്തു നൽകിയാലേ പണി മുന്നോട്ട് പോകാനാവൂ.
16 ലൈനുകളാണ് നേമത്ത് നിർമ്മിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നത്
വിഴിഞ്ഞം തുറമുഖം സജീവമാകുന്നതോടെ നേമം ഭാവിയിൽ തിരക്കേറിയ റെയിൽവേ സ്റ്റേഷനാകുമെന്നാണ് വിലയിരുത്തൽ
പുതിയ സ്റ്റേഷൻ മന്ദിരം,കൂടുതൽ പ്ലാറ്റ്‌ഫോമുകൾ,പിറ്റ്‌ലൈനുകൾ എന്നിവയുള്ള കോച്ചിംഗ് ടെർമിനലാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.സ്റ്റേഷൻ വികസനത്തിനുൾപ്പെടെ 165 കോടിയാണ് വിനിയോഗിക്കുക. കരാറുകാരന് കുടിശികയുണ്ടായിരുന്ന 12.5 കോടി അനുവദിച്ചു നൽകി.കരാർ പണിക്കുള്ള മുഴുവൻ തുകയും അനുവദിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഇടപെടണമെന്ന്
രാജഗോപാൽ റെയിൽവേ മന്ത്രിയായിരുന്ന കാലം മുതലാണ് പ്രദേശവാസികൾ നേമം വികസനം സ്വപ്നം കാണുന്നത്. നേരെയൊരു റോഡ‍് പോലുമില്ലാതെ കാടുപിടിച്ച് വെളിച്ചമില്ലാതെ കിടന്ന നേമം റെയിൽവേ സ്റ്റേഷന്റെ വികസനത്തിനുവേണ്ടി സമരം നടത്തി തളർന്ന ആക്ഷൻ കൗൺസിലുകാരും പദ്ധതി ആരംഭിച്ചപ്പോൾ ആശ്വസിച്ചു. എന്നാൽ ഇവർ ഇപ്പോൾ നിരാശയിലാണ്. മുഖ്യമന്ത്രി പ്രശ്നത്തിൽ ഇടപെടണമെന്നാണ് ഇവർ പറയുന്നത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |