കൊച്ചി: സർവീസ് ചാർജ് വർദ്ധനവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തള്ളിയതോടെ അക്ഷയകേന്ദ്രങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകുമെന്ന് സംരംഭകർ. ഏഴ് വർഷം മുമ്പ് നിശ്ചയിച്ച സർവീസ് ചാർജാണ് ഇപ്പോഴും ഈടാക്കുന്നത്. അക്ഷയ സെന്റർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വാടക, വൈദ്യുതി ചാർജ്, ഇന്റർനെറ്റ്, ജീവനക്കാരുടെ വേതനം തുടങ്ങിയ എല്ലാ ചെലവുകളും സംരംഭകർ സ്വന്തമായി വഹിക്കണം. ഒരു സെന്ററിൽ കുറഞ്ഞത് 5 കമ്പ്യൂട്ടർ, ഒരു സ്കാനർ, കളർ പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, സി.സി.ടി.വി തുടങ്ങിയ ഉപകരണങ്ങളും നിർബന്ധമാണ്. ഇതിനെല്ലാം കുറഞ്ഞത് 15ലക്ഷംരൂപയെങ്കിലും ചെലവുവരും. ഈ സാഹചര്യത്തിൽ സർവീസ് ചാർജ് ഇല്ലാതെ അക്ഷയകേന്ദ്രങ്ങൾ നടത്തിക്കൊണ്ടുപോകാനാവില്ലെന്നാണ് സംരംഭകരുടെ പക്ഷം.
ആധാറിന് 100 രൂപ വീതം കേന്ദ്രം വക
ഒന്നും നൽകാതെ സംസ്ഥാനം
ആധാർ എൻറോൾമെന്റ്, ആധാറിലെ തിരുത്തലുകൾ, പാസ്പോർട്ട് അപേക്ഷകൾ തുടങ്ങിയ സേവനങ്ങൾക്ക് മാത്രമാണ് ഭേദപ്പെട്ട സർവീസ് ചാർജ് ലഭിക്കുന്നത്. ആധാർ എൻറോൾമെന്റിന് ഗുണഭോക്താക്കളിൽ നിന്ന് ഫീസ് ഈടാക്കുന്നില്ല. ഓരോ എൻറോൾമെന്റിനും 100രൂപ വീതം കേന്ദ്രസർക്കാരാണ് നൽകുന്നത്. അതുപോലെ പാസ്പോർട്ട് അപേക്ഷയുടെ കാര്യത്തിൽ 100 മുതൽ 200രൂപവരെ ചാർജ് ഈടാക്കും. എന്നാൽ ഏറ്റവും കൂടുതൽ അപേക്ഷകർ എത്തുന്നത് പെൻഷൻ മസ്റ്ററിംഗ് ആണ്. അക്ഷയകേന്ദ്രത്തിൽ നേരിട്ട് എത്തി മസ്റ്ററിംഗ് നടത്തുമ്പോൾ 30 രൂപയാണ് സർവീസ് ചാർജ്. ഗുണഭോക്താക്കളുടെ വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്തുന്നതിന് നിയമപ്രകാരം ഈടാക്കാവുന്നത് 50രൂപയാണ്. ഗ്രാമീണ മേഖലയിൽ കിലോമീറ്ററുകൾ യാത്രചെയ്തുവേണം വീടുകളിൽ എത്തി മസ്റ്ററിംഗ് നടത്താൻ. അത്തരം കേസുകളിൽ 50 രൂപയെന്നത് തീരെ അപര്യാപ്തമാണ്. യാത്രച്ചെലവ് തന്നെ അതിന്റെ പലമടങ്ങ് വേണ്ടിവരും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അക്ഷയ സംരംഭകർക്ക് ഓണം അലവൻസായി 1000രൂപ അനുവദിച്ചിരുന്നത് ഒഴിച്ചാൽ സംസ്ഥാനസർക്കാരിൽ നിന്ന് യാതൊരു ആനുകൂല്യവും ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് ആകെ 3000 സംരംഭകരും 10,000ത്തോളം ജീവനക്കാരുമുണ്ട്.
ജീവനക്കാരിൽ ഏറെയും സ്ത്രീകളാണ്.
മിനിമം വേതനം പോലും നൽകാനാവാത്ത സ്ഥിതിയിലാണ് പല കേന്ദ്രങ്ങളും മുന്നോട്ടുപോകുന്നത്.
തുടക്കത്തിൽ രണ്ടുവർഷത്തോളം കമ്പ്യൂട്ടർ സാക്ഷരത പ്രചരിപ്പിക്കാൻ സൗജന്യസേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സ്വന്തം ചെലവിൽ എല്ലാ സേവനങ്ങളും ജനത്തിന് നിസാര ഫീസ് ഈടാക്കി നൽകുന്ന അക്ഷയ സംരംഭകരോട് താൽപര്യമില്ലെങ്കിൽ പിരിഞ്ഞുപൊയ്ക്കോളാൻ പറയാൻ എളുപ്പമാണ്. എന്നാൽ 2 പതിറ്റാണ്ടോളമായി ഈ രംഗത്ത് ജീവിതം ഹോമിച്ചവർ ഇനി എന്ത് ചെയ്യണമെന്നുകൂടി പറയാൻ അധികൃതർ തയ്യാറാകണം
സോജൻ ജേക്കബ്
അക്ഷയ സംരംഭകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |