
മലപ്പുറം: എടപ്പാളിൽ സെറിബ്രൽ പാൾസി ബാധിച്ച മകളെ വെള്ളത്തിൽ മുക്കിക്കൊന്ന് അമ്മ ജീവനൊടുക്കി. മാണൂർ സ്വദേശി അനിത കുമാരിയും 27കാരിയായ മകൾ അഞ്ജനയുമാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. അനിത കുമാരി മകളെ വീട്ടിലുണ്ടായിരുന്ന വെള്ളം നിറച്ച ഡ്രമ്മിൽ മുക്കിക്കൊന്നതിനുശേഷം സമീപത്തുണ്ടായിരുന്ന മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
കുറ്റിപ്പുറം പൊലീസും ഫോറൻസിക് വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. അനിത കുമാരിയുടെ കൈഞരമ്പ് ബ്ലേഡുപയോഗിച്ച് മുറിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മകൻ ജോലിക്കുപോയ സമയത്തായിരുന്നു കൊലപാതകം. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മകൻ. കുറച്ചുമാസങ്ങൾക്ക് മുൻപാണ് അനിത കുമാരിയുടെ ഭർത്താവ് അസുഖം ബാധിച്ച് മരിച്ചത്. അതിനുശേഷം ഇവർ വിഷാദത്തിലായിരുന്നു. മകളുടെ അസുഖത്തിന് കൃത്യമായ ചികിത്സ കിട്ടാതിരുന്നതും അനിത കുമാരിയെ അലട്ടിയിരുന്നുവെന്നും പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |