
ആലപ്പുഴ: സൈബര്‍ തട്ടിപ്പുകളെ കുറിച്ച് എത്ര തന്നെ ബോധവത്കരണം നടത്തിയാലും അതില്‍ കൊണ്ടുപോയി തലവയ്ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആലപ്പുഴ ചെങ്ങന്നൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ സൈബര്‍ അറസ്റ്റ്. വാട്‌സാപ്പ് കോള്‍ വഴി ഭീഷണിപ്പെടുത്തിയപ്പോള്‍ രണ്ട് അക്കൗണ്ടുകളിലേക്കായി യുവാവ് അയച്ച് കൊടുത്തത് 20,50,800 രൂപയാണ്. കേസില്‍ കര്‍ണാടക സ്വദേശിയായ ചന്ദ്രിക (21) അറസ്റ്റിലായി. സംഘത്തില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
മുംബയ് പൊലീസില്‍ നിന്നാണ് വിളിക്കുന്നത് എന്നാണ് വാട്‌സാപ്പ് കോള്‍ വഴി ബന്ധപ്പെട്ട സംഘം പറഞ്ഞത്. നേഹ ശര്‍മ്മ എന്ന് പരിചയപ്പെടുത്തിയ യുവതി യുവാവിനെ ഭീഷണിപ്പെടുത്തിയത്, നിങ്ങളുടെ പേരില്‍ വ്യാജ മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും നിര്‍മിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്നും പ്രതിഫലമായി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നുമായിരുന്നു. ഇതിന്റെ തെളിവുകള്‍ മുംബയ് പൊലീസിന്റെ കൈവശം ഉണ്ടെന്നും യുവതി പറഞ്ഞു.
തെളിവ് സഹിതം കയ്യിലുള്ളതിന്റെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് രേഖപ്പെടുത്തുകയാണെന്നും യുവതി ഭീഷണിപ്പെടുത്തി. ഇതെല്ലാം കേട്ട് ഭയന്ന യുവാവ് പ്രതികള്‍ നല്‍കിയ രണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്കായി പണം കൈമാറുകയും ചെയ്തു. പണം തിരികെ ലഭിക്കുന്നതിനായി ബന്ധപ്പെട്ടപ്പോള്‍ തട്ടിപ്പുകാര്‍ പ്രതികരിക്കാതിരുന്നതോടെയാണ് കബളിക്കപ്പെട്ടതായി മനസിലായത്. പരാതിയെ തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രന്‍ ഐ പി എസിന്റെ നിര്‍ദേശപ്രകാരം ആലപ്പുഴ സൈബര്‍ ക്രൈം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പരാതിക്കാരന് നഷ്ടമായ പണം അയച്ചുവാങ്ങിയ ബാങ്ക് അക്കൗണ്ട് ഉടമയാണ് അറസ്റ്റിലായ ചന്ദ്രിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |