കൊല്ലം: ജില്ലയിൽ വീണ്ടും മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം ഉയരുന്നു. ഒരാഴ്ചക്കിടെ 22 പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. കഴിഞ്ഞമാസം അവസാനത്തോടെ ഇടമുളയ്ക്കൽ ഗവ. ജവഹർ സ്കൂളിൽ മഞ്ഞപ്പിത്തം പടർന്നുപിടിച്ചിരുന്നു. 20 ഓളം വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞത്.
സ്കൂളിലെ കിണറ്റിലെ വെള്ളത്തിൽ നിന്നാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ മേയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചേരിക്കോണം സ്വദേശിനികളും സഹോദരങ്ങളുമായ രണ്ട് പെൺകുട്ടികൾ മരിച്ചിരുന്നു. ഈ സീസണിൽ സാധാരണ മഞ്ഞപ്പിത്ത ബാധ ഉണ്ടാകാറുണ്ടെന്നും സാധാരണ പനി ബാധിക്കുന്നവർ സ്വയം ചികിത്സ നടത്തുന്നതും മഞ്ഞപ്പിത്തമാണോയെന്ന് പരിശോധിക്കാത്തതും രോഗം കൂടാൻ കാരണമാകുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
വില്ലൻ മലിനജലം
രോഗബാധിത മേഖലകളിൽ മലിനജല ഉപയോഗം കൂടുതൽ
പുറത്ത് നിന്ന് പാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ ജാഗ്രത പുലർത്തണം
ശുദ്ധമല്ലാത്ത വെള്ളത്തിൽ നിർമ്മിക്കുന്ന ഐസും വില്ലൻ
2 മുതൽ 6 ആഴ്ച വരെ ഇടവേളയിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്
സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടാവാം
പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്.ഐ.വി, കരൾ രോഗങ്ങൾ ഉള്ളവരിലും രോഗം തീവ്രമാകും
കരൾ തകർക്കും
ശരീരത്തിൽ വൈറസ് പ്രവർത്തിക്കുന്നത് മൂലം കരളിലെ കോശങ്ങൾ നശിക്കുകയും പ്രവർത്തനം തകരാറിലാവുകയും ചെയ്യും. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാം.
ലക്ഷണം
ശരീരവേദനയോട് കൂടിയ പനി തലവേദന ക്ഷീണം ഓക്കാനം ഛർദ്ദി മൂത്രത്തിലും കണ്ണിനും ശരീരത്തിലും മഞ്ഞ നിറം
പ്രതിരോധം
തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
കുടിവെള്ള സ്രോതസുകൾ വൃത്തിയാക്കുക
പഴവർഗങ്ങളും പച്ചക്കറിയും കഴുകി ഉപയോഗിക്കുക
തുറസായ സ്ഥലത്ത് മലമൂത്ര വിസർജ്ജനമരുത്
രോഗികൾ ഉപയോഗിക്കുന്ന പാത്രങ്ങളും ആഹാരവും പങ്കുവയ്ക്കരുത്
സ്വയം ചികിത്സ ഒഴിവാക്കണം
മഞ്ഞപ്പിത്തം ഉൾപ്പടെയുള്ള ജലജന്യരോഗങ്ങൾ തടയാനുള്ള പ്രവർത്തനം സംസ്ഥാന വ്യാപകമായി നടക്കുകയാണ്. ജില്ലയിലെ മുഴുവൻ വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും.
ഡോ. സിന്ധു ശ്രീധരൻ, ഡി.എസ്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |