ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാൻ ചേർന്ന ഗതാഗതപരിഷ്‌കരണ യോഗം അട്ടിമറിച്ചതായി ആരോപണം. ഇന്നലെ വൈകിട്ട് ചെയർപേഴ്സൺ വിളിച്ചു ചേർത്ത യോഗമാണ് ട്രാഫിക്ക് പരിഷ്കരണ സമിതിയുടെ തീരുമാനങ്ങൾ അട്ടിമറിച്ച തീരുമാനത്തിലെത്തിയത്. ഇന്നുമുതൽ പാലസ് റോഡിൽ രാവിലെ 8 മുതൽ 10.30 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5.30 വരെയും ഹെവിവെഹിക്കിൾ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക മാത്രമായിരുന്നു യോഗതീരുമാനം. കഴിഞ്ഞ നാലുമാസത്തിനിടെ രണ്ടുതവണ ഗതാഗത പരിഷ്കരണ സമിതി യോഗം ചേർന്ന് നിരവധി തീരുമാനങ്ങളെടുത്തിരുന്നെങ്കിലും ഒന്നുപോലും നടപ്പാക്കാനായില്ല. ജൂലായ് 5ന് ചേർന്ന യോഗം 19ന് നടപ്പാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടപ്പിലാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ബി.ജെ.പി സ്വകാര്യബസ് തടഞ്ഞതോടെ പ്രശ്നം സജീവമായതിനെ തുടർന്നാണ് ട്രാഫിക്ക് പരിഷ്കരണയോഗം അധികൃതർ വിളിച്ചുചേർത്തത്. ബന്ധപ്പെട്ടവർ യോഗത്തിനെത്തിയെങ്കിലും പത്ത് മിനിട്ടിനുള്ളിൽ എല്ലാം പറഞ്ഞ് യോഗം അവസാനിപ്പിച്ചു.
ഗതാഗത പ്രശ്നം രൂക്ഷമാകും...
നിലവിൽ ദേശീയപാതയിൽ ഗതാഗത തടസങ്ങൾ രൂക്ഷമായിരിക്കുമ്പോഴും പരിഷ്കരണ നിർദ്ദേശങ്ങൾ പരിഗണിക്കാതെ അധികൃതർ മുന്നോട്ട് പോകുമ്പോൾ വരും ദിവസങ്ങളിൽ വെഞ്ഞാറമൂട് ഓവർബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതോടെ വഴിതിരിച്ചുവിടുന്ന വാഹനങ്ങൾ ആറ്റിങ്ങൽ വഴി ആലംകോടെത്തി കിളിമാനൂർ വഴി എം.സി റോഡിലൂടെ യാത്രതുടരാനാണ് നിർദ്ദേശം. ഇത് നടപ്പായാൽ ആറ്റിങ്ങൽ പട്ടണം നിശ്ചലമാകുമെന്നാണ് വിലയിരുത്തൽ.
പാലസ് റോഡ് സ്ഥിരം വൺവേ
വീതികുറഞ്ഞ പാലസ്റോഡിൽ ഒരേസമയം ഇരുവശങ്ങളിലേക്കും വാഹനങ്ങൾ കടന്നുപോയാൽ കാൽനടയാത്ര ദുസ്സഹമാകും. പാലസ്റോഡിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വ്യാപാരസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരങ്ങളിലും വിദ്യാർത്ഥികളുടെ നീണ്ട നിരയാണീ മേഖലയിൽ. ഒരുവർഷം മുമ്പ് സ്വകാര്യ ബസ് ഇടിച്ച് നാലു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
നെയിംബോർഡ്,
പി.സി.സി നടപടിയില്ല
സ്വകാര്യ ബസ് ജീവനക്കാർക്ക് ഡ്യൂട്ടി സമയത്ത് യൂണിഫോറവും നെയിംബോർഡും, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും വേണമെന്ന നിർദ്ദേശവും നടപ്പായില്ല. ജീവനക്കാരിൽ നിരവധിപേർ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന പൊലീസ് റിപ്പോർട്ടാണ് കാറ്റിൽപ്പറത്തിയത്.
പണിമുടക്കും
നിലവിലെ ട്രാഫിക് സ്ഥിതി മാറ്റിയാൽ പണിമുടക്കടക്കമുള്ള സമരപരിപാടികൾ നടത്തുമെന്നുപറഞ്ഞ് ബസ് ഒാണേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |