തൊടുപുഴ: സാധാരണക്കാരുടെ തീൻ മേശയിൽ പ്രധാന വിഭവമായിരുന്ന മത്തിക്ക് ക്ഷാമം. ഗ്രാമ - നഗര വിത്യാസമില്ലാത മത്സ്യവ്യാപാര കേന്ദ്രങ്ങളിൽ ഇതാണ് അവസ്ഥ. ട്രോളിങ് നിരോധനം പിൻവലിച്ച ശേഷം വിപണിയിലേക്ക് മത്തിയുടെ വരവ് ഗണ്യമായി കുറഞ്ഞ് വരികയാണ്. കാലാവസ്ഥാവ്യതിയാനം, അപ്രതീക്ഷിത മഴ, അനധികൃത മത്സ്യബന്ധനം തുടങ്ങിയവ മൂലം മത്തി ലഭ്യത കുറഞ്ഞതാണ് ക്ഷാമത്തിന് കാരണം. നാടൻ മത്തി വിപണിയിൽ കാണാനേയില്ല. ഇതോടെ ഇതിന് 350 - 400 രൂപ വരെ വില ഉയർന്നിരുന്നു. ഇടയ്ക്ക് വിപണിയിൽ പ്രത്യക്ഷപ്പെടുന്ന ചെറിയ മത്തിയ്ക്ക് 250 രൂപയാണ് വില. ഇതിന് പ്രതിവിധിയായ എത്തിയിരുന്ന കിലോ വില 180 രൂപ വരുന്ന മംഗലാപുരം മത്തിയുടെ വരവും കുറവാണ്. ഈയിനത്തിൽ കിലോയ്ക്ക് 140 എന്ന ഏറ്റവും കുറഞ്ഞ നിരക്കിൽ എത്തുന്ന കത്തി ചാളയും വിപണിയിൽ കിട്ടാനില്ല. ചെറുവള്ളക്കാർക്കും മത്തി കിട്ടുന്നില്ല. കിട്ടിയാൽ തന്നെ വഴിയോരങ്ങളിൽ വിൽപ്പന നടത്തുന്നവർ കൂട്ടത്തോടെയെത്തി വാങ്ങും. മത്തി വരവ് ഗണ്യമായി കുറഞ്ഞതോടെ കിളി, അയല, പിരിയാൻ, കണവ, ശീലാവ്, ഒഴുക എന്നിവയാണ് കൂടുതൽ വിറ്റഴിക്കുന്നത്. എങ്കിലും ഇവയ്ക്ക് മത്തിയുടെ അത്ര ഡിമാൻഡില്ല. വളർത്ത് മത്സ്യങ്ങളായ വാള, രോഹു, തിലോപ്പിയ, പിരാന എന്നിവയ്ക്കും ആവശ്യക്കാർ ഏറെയാണ്. ഇത്തരം മത്സ്യങ്ങൾ കൂടുതലായും വാങ്ങുന്നത് അന്യസംസ്ഥാന തൊഴിലാളികളാണ്.
കാലാവസ്ഥ ബാധിച്ചു
കേരളത്തിലേക്ക് പരിമിതമായ തോതിൽ ഇപ്പോൾ മത്തി കൊണ്ടുവരുന്നത് തമിഴ്നാട്ടിൽ നിന്നും മംഗലാപുരത്ത് നിന്നുമാണ്. കാലാവസ്ഥ പ്രതിഭാസം മാറുന്ന എൽ നിനോയാണ് മത്തി ക്ഷാമത്തിന് കാരണം. നിലവിലെ കാലാവസ്ഥ മത്തിയുടെ പ്രജനനത്തിന് അനുയോജ്യമല്ല. താപനില ഉയരുന്നതിനുസരിച്ച് മത്തി ഉൾക്കടലിലേക്ക് വലിയുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കേരള തീരത്ത് താപനില കൂടുതലാണ്.
ഉണക്ക മീനിന് വൻ ഡിമാൻഡ്
മത്തിവരവ് കുറഞ്ഞതോടെ ഉണക്കമീൻ കച്ചവടം വർദ്ധിച്ചു. തുണ്ടൻ, തിരണ്ടി, അയല, വരാൽ തുടങ്ങിയവയ്‌ക്കൊക്കെ ആവശ്യക്കാർ ഏറിയിട്ടുണ്ട്.
''വിപണിയിൽ മത്തി ലഭ്യത കുറവാണ്. പഴയത് പോലെ മത്തി എന്ന് വിപണിയിൽ സജീവമാകുമെന്നറിയില്ല ""
-പി.കെ റെബീഷ് (മത്സ്യവ്യാപാരി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |