പത്തനംതിട്ട : ജില്ലയിലെ എസ്.എൻ.ഡി.പി യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമങ്ങൾ നാളെയും 19നും നടക്കും. ശാഖാതല നേതാക്കൾ, കുടുംബയോഗങ്ങൾ, മൈക്രോ യൂണിറ്റുകൾ, പോഷകസംഘടനാ ഭാരവാഹികൾ, കമ്മിറ്റിയംഗങ്ങൾ എന്നിവർ സംഗമങ്ങളിൽ പങ്കെടുക്കും. എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനങ്ങൾ കാലോചിതമായി പരിഷ്കരിച്ച് ശക്തമാക്കുന്നതിനുള്ള കർമ്മ പരിപാടികൾ നടപ്പാക്കുന്നതിനാണ് സംഗമങ്ങൾ നടത്തുന്നത്.
യോഗം ജനറൽ സെക്രട്ടറിയായി വെള്ളാപ്പള്ളി നടേശൻ മുപ്പത് വർഷം പൂർത്തിയാക്കിയതിനിടയിൽ നടത്തിയ മികവാർന്ന പ്രവർത്തനങ്ങളും മുന്നേറ്റങ്ങളും വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദർശനത്തോടെയാണ് നേതൃത്വ സംഗമങ്ങൾ തുടങ്ങുന്നത്.
തിരുവല്ല, കോഴഞ്ചേരി നേതൃസംഗമം
നാളെ രാവിലെ കുമ്പനാട്ട്
തിരുവല്ല, കോഴഞ്ചേരി യൂണിയനുകളുടെ നേതൃത്വത്തിൽ നേതൃസംഗമം നാളെ രാവിലെ ഒൻപതിന് കുമ്പനാട് ലോയൽ കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു, തിരുവല്ല യൂണിയൻ അഡ്മിനിസ്ട്രേറ്റർ സന്തോഷ് ശാന്തി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
അടൂർ യൂണിയൻ നേതൃസംഗമം നാളെ ഉച്ചയ്ക്ക് അടൂരിൽ
അടൂർ യൂണിയൻ ശാഖാ നേതൃത്വസംഗമം നാളെ ഉച്ചയ്ക്ക് രണ്ടിന് അടൂർ ഗീതം കൺവെൻഷൻ സെന്ററിൽ നടക്കുമെന്ന് ചെയർമാൻ അഡ്വ.എം.മനോജ് കുമാറും കൺവീനർ അഡ്വ.മണ്ണടി മോഹനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 2000 ത്തോളം പ്രതിനിധികൾ പങ്കെടുക്കും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും.
റാന്നി യൂണിയൻ നേതൃസംഗമം 19ന് രാവിലെ വളയനാട്
റാന്നി യൂണിയൻ ശാഖാനേതൃത്വ സംഗമം 19ന് രാവിലെ ഒൻപതിന് റാന്നി വളയനാട് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ അഡ്വ.മണ്ണടി മോഹൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും.
പത്തനംതിട്ട, പന്തളം 19ന് ഉച്ചയ്ക്ക് പത്തനംതിട്ടയിൽ
എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട, പന്തളം യൂണിയനുകളുടെ ശാഖാ നേതൃത്വസംഗമം 19ന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, പന്തളം യൂണിയൻ സെക്രട്ടറി ഡോ.എ.വി.ആനന്ദരാജ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |