ട്രംപിന്റെ അധിക തീരുവ കയറ്റുമതിയെ ബാധിച്ചില്ല
ആഗസ്റ്റിലെ കയറ്റുമതി വരുമാനം 3,510 കോടി ഡോളർ
ഇറക്കുമതിയും വ്യാപാര കമ്മിയും കുറയുന്നു
കൊച്ചി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണി അതിജീവിച്ച് ഇന്ത്യൻ കയറ്റുമതി മേഖല മികച്ച പ്രകടനം തുടരുന്നു. ആഗസ്റ്റിൽ ഇന്ത്യയുടെ കയറ്റുമതി മുൻവർഷം ഇതേകാലയളവിനേക്കാൾ 6.7 ശതമാനം ഉയർന്ന് 3,510 കോടി ഡോളറായി. ജൂലായ് മാസത്തേക്കാൾ കയറ്റുമതിയിൽ 214 കോടി ഡോളറിന്റെ കുറവുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം പിഴ തീരുവ ആഗസ്‌റ്റ് 27 മുതലാണ് അമേരിക്ക നടപ്പിലാക്കിയത്. ജൂലായ് മുതൽ ഈടാക്കുന്ന 25 ശതമാനം പകരച്ചുങ്കത്തിന് പുറമേയാണിത്.
ആഗസ്റ്റിൽ അമേരിക്കയിലേക്കുള്ള കയറ്റുമതി ജൂലായിലെ 801 കോടി ഡോളറിൽ നിന്ന് 686 കോടി ഡോളറിലേക്ക് താഴ്ന്നു. അമേരിക്കൻ തീരുവയുടെ പൂർണമായ പ്രത്യാഘാതം സെപ്തംബർ മുതൽ ദൃശ്യമാകുമെന്ന് കയറ്റുമതിക്കാർ പറയുന്നു.ഏപ്രിൽ മുതൽ ആഗസ്‌റ്റ് വരെയുള്ള കാലയളവിൽ 4,039 കോടി ഡോളറിന്റെ ഉത്പന്നങ്ങളാണ് അമേരിക്കയിലേക്ക് അയച്ചത്. സേവന രംഗത്തെ കയറ്റുമതി വരുമാനം ആഗസ്റ്റിൽ 3,406 കോടി ഡോളറാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
ഇറക്കുമതിയും കുറയുന്നു
ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്തി വിദേശ ആശ്രയത്വം കുറയ്ക്കാനുള്ള ഇന്ത്യയുടെ ശ്രമം വിജയിക്കുകയാണ്. ആഗസ്റ്റിൽ ഇന്ത്യയുടെ ഇറക്കുമതി മൂല്യം 6,156 കോടി ഡോളറായി താഴ്ന്നു. ജൂലായിൽ ഇറക്കുമതി 6,456 കോടി ഡോളറായിരുന്നു. മുൻവർഷം ഇതേകാലയളവിനേക്കാൾ പത്ത് ശതമാനം ഇടിവാണ് ഇറക്കുമതിയിലുണ്ടായത്.
വ്യാപാര കമ്മി ചരുങ്ങുന്നു
കയറ്റുമതിയും ഇറക്കുമതിയും ഒരുപോലെ കുറഞ്ഞതോടെ ആഗസ്റ്റിൽ ഇന്ത്യയുടെ വ്യാപാര കമ്മി 25.7 ശതമാനം കുറഞ്ഞ് 2,659 കോടി ഡോളറായി. കഴിഞ്ഞ വർഷം ഇതേകാലയളവിൽ വ്യാപാര കമ്മി 3,564 കോടി ഡോളറായിരുന്നു. ജൂലായിൽ കയറ്റുമതിയും ഇറക്കുമതിയുമായുള്ള വിടവ് 2,735 കോടി ഡോളറാണ്.
ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് കയറ്റുമതി മേഖല മികച്ച പ്രകടനം തുടരുകയാണ്
സുനിൽ ബാർത്ത്‌വാൾ
കേന്ദ്ര വാണിജ്യ സെക്രട്ടറി
കയറ്റുമതിയിലെ താരങ്ങൾ
ഇലക്‌ട്രോണിക്‌സ്, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, വജ്ര, സ്വർണാഭരണങ്ങൾ, പെട്രോളിയം, ഫാർമ ഉത്പന്നങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |