പാറശാല: നാലംഗസംഘം ചേർന്ന് തമിഴ്നാട്ടിൽ നിന്ന് വ്യാപാരികളെ കടത്തിക്കൊണ്ടുവന്ന് ആൾപ്പാർപ്പില്ലാത്ത വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഉദിയൻകുളങ്ങര കരിക്കിൻവിള ഗ്രേസ് ഭവനിൽ സാമുവൽ തോമസ്, നെയ്യാറ്റിൻകര പുല്ലൂർക്കോണം മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിൻ,നെയ്യാറ്റിൻകര കൃഷ്ണ തൃപ്പാദത്തിൽ അഭിരാം, കമുകിൻകോട് ചീനിവിള പുത്തൻകരയിൽ വിഷ്ണു എസ്.ഗോപൻ, തമിഴ്നാട് സേലം സ്വദേശി സുരേഷ് കുമാർ എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. തമിഴ്നാട്ടിലെ കൃഷ്ണഗിരി സ്വദേശികളായ യൂസഫ്,ജാഫിർ എന്നീ വ്യവസായികളെയാണ് പ്രതികൾ ചേർന്ന് ഉദിയൻകുളങ്ങരയ്ക്ക് സമീപത്തെ ആൾപ്പാർപ്പില്ലാത്ത വീട്ടിലെത്തിച്ചത്. ചങ്ങലയിൽ ബന്ധിച്ച നിലയിലാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. ഓൺലൈൻ മാദ്ധ്യമത്തിലൂടെ വസ്തു ഇടപാട് നടത്താനെന്ന വ്യാജേനയാണ് വ്യവസായികളെ പ്രതികൾ വിളിച്ചുവരുത്തിയത്. തുടർന്ന് പൊലീസ് വേഷത്തിലെത്തിയ പ്രതികൾ വ്യവസായികളെ വാഹനത്തിൽ കയറ്റി കേരളത്തിലേക്ക് തട്ടിക്കൊണ്ടുവരികയായിരുന്നു. ലഹരിക്കടത്ത് സംശയിച്ച് ഇരുചക്രവാഹനത്തെ പിൻതുടർന്നെത്തിയ പൊലീസിലെ ഡാൻസാഫ് സംഘമാണ് ഉദിയൻകുളങ്ങരയ്ക്ക് സമീപത്തായി പൂട്ടിക്കിടന്ന വീട്ടിൽ നിന്ന് വ്യവസായികളെ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |