കൊല്ലം: സ്കൂൾ ബസ് അപകടത്തിൽപ്പെട്ടതിന് പിന്നാലെ ഉയർന്ന കുട്ടികളുടെ കൂട്ടനിലവിളി ഇലവിൻമൂട്ടികാരുടെ നെഞ്ചിലിപ്പോഴും വല്ലാതെ മുഴങ്ങുകയാണ്. കുട്ടികളുടെ നിലവിളി കേട്ട് ഇലവിൻമൂട് കയറ്റത്തിന്റെ മുകളിലും താഴെയും താമസിക്കുന്നവർ കൂട്ടത്തോടെ സ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു.
സ്കൂൾ ബസ് താഴ്ചയിൽ കിടക്കുന്നത് കണ്ടപ്പോൾ കുട്ടികൾക്ക് വലിയ പരിക്ക് പറ്റിയിട്ടുണ്ടാകുമെന്നാണ് പ്രദേശവാസികൾ ആദ്യം കരുതിയത്. താഴ്ചയിലേക്ക് ഇറങ്ങി ബസിൽ നിന്നും കുട്ടികളെ പുറത്തെടുത്തപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. സാവധാനമാണ് ബസ് കയറ്റം കയറിക്കൊണ്ടിരുന്നത്. ഇതിനിടയിലാണ് എതിർദിശയിൽ നിന്ന് കാർ എത്തിയത്. ഒതുക്കി നിറുത്തിയ ബസ് പെട്ടെന്ന് മറിയുന്നത് കണ്ട് ആദ്യം കാർ ഡ്രൈവറാണ് ആദ്യം താഴ്ചയിലേക്ക് ഓടിയെത്തിയത്. തൊട്ടുപിന്നാലെ അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
'എന്റെ കുട്ടികൾക്ക്
ഒന്നും പറ്റിയില്ലല്ലോ"
ബസ് താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും വിദ്യാർത്ഥികൾക്ക് കാര്യമായ പരിക്കൊന്നും സംഭവിക്കാഞ്ഞതിന്റെ ആശ്വാസത്തിലാണ് ബസിലെ ക്ലീനറായ ശ്രീലേഖ. വാതിലിന് സമീപത്തെ സീറ്റിലിരുന്ന ശ്രീലേഖ ബസ് മറിഞ്ഞതോടെ പ്ലാറ്റ്ഫോമിലേക്ക് വീണിരുന്നു. ബസ് കരണം മറിയുന്നതിനിടയിൽ നടുവും കാലുമൊക്കെ ബസിന്റെ ഭാഗങ്ങളിൽ ഇടിക്കുകയും ചെയ്തു. എന്നിട്ടും കുട്ടികളെയെല്ലാം ബസിൽ നിന്ന് പുറത്തെടുത്ത ശേഷം ഏറ്റവുമൊടുവിലാണ് ശ്രീലേഖ ആശുപത്രിയിലേക്ക് പോയത്. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തി കുട്ടികളെ പരിശോധിച്ചുകൊണ്ടിരുന്ന ഓരോ ഡോക്ടർക്കടുത്തേക്കും ഓടി കുട്ടികൾക്ക് കാര്യമായ പരിക്കില്ലെന്ന് ഉറപ്പാക്കി. ഒടുവിൽ ശ്രീലേഖയെ ഡോക്ടർമാർ പരിശോധിച്ചപ്പോൾ രക്തസമർദ്ദം ഏറെ ഉയർന്നുനിൽക്കുകയായിരുന്നു. ശരീരത്ത് പലയിടങ്ങളിലും വേദനയുമുണ്ടായിരുന്നു. ഇതിനിടയിലും ശ്രീലേഖ പറഞ്ഞു, 'എന്റെ കുട്ടികൾക്ക് കാര്യമായൊന്നും പറ്റിയില്ലല്ലോ''.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |