എഴുകോൺ : കൊലപാതക കേസിൽ 11 വർഷത്തോളം ജയിൽവാസം, ഒടുവിൽ ഉന്നത കോടതിയുടെ കനിവിൽ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടൽ. എന്നിട്ടും മാനസാന്തരപ്പെടാത്ത സ്ഥിരം കുറ്റവാളിയാണ് കഴിഞ്ഞ ദിവസം മോഷണക്കേസിൽ അറസ്റ്റിലായ ഗിരീഷ്. കുണ്ടറയിലെ ആലീസ് കൊലക്കേസിലാണ് ഗിരീഷിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. പിന്നീട് ഹൈക്കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. പത്ത് വർഷത്തിലധികം ജയിലിൽ കഴിഞ്ഞതിന് അഞ്ച് ലക്ഷം രൂപ നഷ്ട പരിഹാരവും നൽകി.
2013 ജൂൺ 11നാണ് നാടിനെ നടുക്കിയ ആലീസ് വർഗീസ് കൊലപാതകം. 57 കാരിയായ ആലീസിനെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊന്ന് സ്വർണാഭരണങ്ങൾ കവർന്നെന്നായിരുന്നു പ്രൊസിക്യൂഷൻ കേസ്. ഭർത്താവ് ഗൾഫിലായിരുന്ന ആലീസ് മുളവന കോട്ടപ്പുറം എ.വി സദനിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. ആലീസ് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് മറ്റൊരു കേസിൽ ജയിലിലായിരുന്ന ഗിരീഷ് പുറത്തിറങ്ങിയത്. ജയിലിൽ വച്ച് സഹതടവുകാരനിൽ നിന്ന് ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെ കുറിച്ച് വിവരം കിട്ടിയ ഗിരീഷ് ഇവിടെയെത്തി കൃത്യം നിർവഹിച്ചെന്നായിരുന്നു പൊലീസ് കണ്ടെത്തൽ.
ആലീസിന്റെ വീടിന് സമീപം ഗിരീഷിനെ കണ്ടിരുന്നെന്ന സാക്ഷിമൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു വിചാരണ കോടതിയുടെ വധശിക്ഷ.
എന്നാൽ ഹൈക്കോടതി കേസന്വേഷണത്തിലെ പ്രൊസിക്യൂഷൻ വീഴ്ചകൾ അക്കമിട്ട് നിരത്തി ഗിരീഷിനെ കുറ്റവിമുക്തനാക്കി. മോഷണം പോയ സ്വർണാഭരണങ്ങൾ പൂർണമായി കണ്ടെടുക്കാത്തതും ആലീസിന്റെ നഷ്ടപ്പെട്ട സിം കാർഡുകൾ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്താതിരുന്നതുമാണ് തിരിച്ചടിയായത്.
ഇതിന് ശേഷവും കവർച്ചയും മോഷണവും തുടരുന്ന ഗിരീഷിനെ ഏറെ ശ്രമകരമായ അന്വേഷണത്തിലൂടെയാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. പൊതുസ്ഥലങ്ങളിൽ അന്തിയുറങ്ങുന്ന ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല. മറ്റുള്ളവരുടെ ഫോണുകളാണ് ഉപയോഗിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |