സംസ്ഥാനത്ത് തുടർച്ചയായി രണ്ടുവട്ടം പ്രതിപക്ഷത്ത് ഒതുങ്ങേണ്ടി വന്ന കോൺഗ്രസും യു.ഡി.എഫും ഭരണപക്ഷ വീഴ്ചകളും ഭരണവിരുദ്ധ വികാരവും മുതലാക്കി, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തേരിലേറാമെന്ന പ്രതീക്ഷകൾ രാഹുൽ മാങ്കൂട്ടം എം.എൽ.എ യിൽ തട്ടി ത്രിശങ്കുവിലാകുമോ എന്ന ആശങ്കയിലായി. ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ തിങ്കളാഴ്ച നിയമസഭയിലെത്തിയത് കോൺഗ്രസിലെ തന്നെ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണയോടെയാണെന്ന് വ്യക്തമായതോടെ തികച്ചും വെട്ടിലായത് രാഹുലിനെതിരെ കർക്കശ നിലപാടെടുത്ത പ്രതിപക്ഷനേതാവ് വി.ഡി സതീശനാണ്. നേതൃത്വത്തെ ധിക്കരിച്ചാണ് സഭയിലെത്തിയതെന്ന പ്രചാരണം രാഹുൽ നിഷേധിച്ചതോടെയാണ് കോൺഗ്രസിൽ നിന്ന് തന്നെ തനിക്ക് പിന്തുണയുണ്ടെന്ന് രാഹുൽ പറയാതെ പറഞ്ഞത്. വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ദേശീയ നേതാക്കളടക്കം താരപ്രചാരകരെ ഇറക്കി കളംപിടിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം തത്ക്കാലത്തേക്കെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ 'ഹൈജാക്ക്' ചെയ്തുവെന്ന പ്രതീതിയാണുയരുന്നത്.
ലൈംഗികാരോപണവും ഗർഭച്ഛിദ്ര ആരോപണങ്ങളിൽപ്പെട്ട് രാഷ്ട്രീയഭാവി തന്നെ അനിശ്ചിതത്വത്തിലായെന്ന് കരുതിയ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വരുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമായിരുന്നു. സഭയിൽ വരേണ്ടതില്ലെന്ന നിലപാടിൽ പ്രതിപക്ഷ നേതാവ് ഉറച്ചു നിന്നപ്പോൾ എ ഗ്രൂപ്പുകാരും പാർട്ടിയിലെ ഒരു വിഭാഗവും രാഹുൽ സഭയിൽ വരട്ടെയെന്ന നിലപാടിലായിരുന്നു. വരാതിരിക്കുന്നതാണ് മുന്നണിക്ക് ഗുണകരമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെയും അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെയും വാദം. രാഹുൽ വന്നാൽ ശ്രദ്ധ മുഴുവൻ ആരോപണങ്ങളിലേക്ക് വഴി മാറുമെന്നതായിരുന്നു ഇവരുടെ നിലപാട്. എന്നാൽ രാഹുൽ നേരിടുന്നതിന് സമാനമായ ആരോപണങ്ങൾ നേരിടുന്നവർ ഭരണപക്ഷത്തിരിക്കുമ്പോൾ രാഹുലിനെ വിലക്കുന്നതെങ്ങനെയെന്ന ചോദ്യമാണ് മറുപക്ഷം ഉന്നയിച്ചത്. അപ്പുറത്തള്ളവരെ ചൂണ്ടിയും നിയമസഭാ കക്ഷിയിൽ ഇല്ലെന്ന് വാദിച്ചും ഭരണപക്ഷത്തെ നേരിടാമെന്നായിരുന്നു എ ഗ്രൂപ്പിന്റെയും സതീശൻ വിരുദ്ധ പക്ഷത്തിന്റെയും അഭിപ്രായം.
രാഹുൽ മാങ്കൂട്ടം സഭയിലെത്തിയതോടെ ഇടതു മുന്നണി സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരവും സി.പി.എം നേതാക്കൾക്കെതിരെ ഉയരുന്ന വിവാദങ്ങളുമെല്ലാം തങ്ങൾക്കനുകൂലമാക്കി മാറ്റി തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നടത്താമെന്ന പ്രതീക്ഷയ്ക്ക് സ്വന്തം പാളയത്തിൽ നിന്നു തന്നെ തിരിച്ചടിയേറ്റതുപോലെയായി പ്രതിപക്ഷത്തിന്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ മുഖ്യമന്ത്രിയാകാൻ കച്ചകെട്ടി നിൽക്കുന്ന മൂന്നിലധികം നേതാക്കളാണ് കോൺഗ്രസിലുള്ളത്. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി സതീശനാകും അതിൽ മുന്നിലെത്താനുള്ള സാദ്ധ്യത ഉയർന്നു നിൽക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ പടപ്പുറപ്പാട് തുടങ്ങിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നപ്പോൾ ഭരണപക്ഷത്തിന് വടികൊടുക്കാതിരിക്കാൻ കോൺഗ്രസുകാരെല്ലാം ഒറ്റക്കെട്ടായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ പദം ഉടൻ രാജിവച്ചൊഴിയാനുള്ള നിർദ്ദേശം രാഹുൽ മാങ്കൂട്ടത്തിൽ ശിരസാ വഹിച്ചു. എന്നാൽ എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന മുറവിളി ഉയർന്നതോടെയാണ് കോൺഗ്രസിൽ ഭിന്നസ്വരം ഉയർന്നു തുടങ്ങിയത്. തുടർന്നാണ് പ്രതിപക്ഷ നേതാവ് മുൻകൈയ്യെടുത്ത് രാഹുലിനെ കോൺഗ്രസിൽ നിന്ന് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യാനുള്ള തീരുമാനമെടുത്തത്. നിയമസഭയിൽ കോൺഗ്രസ് അംഗമെന്ന നിലയിൽ രാഹുൽ പങ്കെടുക്കില്ലെന്ന് സതീശൻ കട്ടായം പറഞ്ഞതോടെ രാഹുൽ സഭയിൽ എത്തുമോ എന്ന സംശയം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉടലെടുത്തിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ നിശബ്ദനായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിലെ മറ്റു ചില നേതാക്കളുടെ രഹസ്യപിന്തുണയോടെ നടത്തിയ കരു നീക്കങ്ങളുടെ തുടർച്ചയായാണ് തിങ്കളാഴ്ച നിയമസഭയിൽ എത്തി ഏവരെയും അത്ഭുതപ്പെടുത്തിയത്. രാഹുലിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ കടുത്ത ഭാഷയിൽ സംസാരിച്ചവർ പോലും നിലപാട് മയപ്പെടുത്തുകയോ രാഹുലിനനുകൂലമായി കരണം മറിയുകയോ ചെയ്തുവെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. തിങ്കളാഴ്ച നിയമസഭയിലെത്തിയെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ സഭയിൽ രാഹുൽ എത്തുന്നത് തടയിടാൻ കോൺഗ്രസ് നേതൃത്വം കിണഞ്ഞ് ശ്രമിക്കുമെന്നുറപ്പാണ്. സഭയിൽ എത്തിയില്ലെങ്കിലും പാലക്കാട് മണ്ഡലത്തിൽ സജീവമാകാനും രാഹുലിന്റെ നീക്കമുണ്ട്. അങ്ങനെയെങ്കിൽ പാലക്കാട്ട് രാഹുലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് ബി.ജെ.പിയും ഡി.വൈ.എഫ്.ഐയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ വരും ദിവസങ്ങളിലും രാഹുൽ വിഷയത്തിൽ കേരളരാഷ്ട്രീയം കലങ്ങിമറിയുന്നത് കോൺഗ്രസിന് ഒട്ടും ഗുണകരമാകില്ല.
പരാതിക്കാരില്ല,
തെളിവില്ല, കേസുമില്ല
ആരോപണങ്ങളല്ലാതെ രാഹുലിനെതിരെ പരാതി ഉന്നയിച്ച ഒരാൾ പോലും ഇതുവരെ പരാതിയുമായി അന്വേഷണ സംഘത്തിനു മുന്നിൽ എത്തിയിട്ടില്ല. രാഹുലിനെതിരെ പരാതിക്കാരെയും തെളിവും സംഘടിപ്പിക്കാൻ ഇടതുമുന്നണിയും പൊലീസും കിണഞ്ഞ് പരിശ്രമിക്കുമെന്നത് ഉറപ്പായതിനാൽ വരും ദിവസങ്ങളിൽ സ്ഥിതിയിൽ മാറ്റമുണ്ടായാലും അത്ഭുപ്പെടാനില്ല. പുറത്തുവന്ന ശബ്ദസന്ദേശത്തിലെ പുരുഷ ശബ്ദം തന്റേതാണെന്നോ അല്ലെന്നോ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരീകരിച്ചിട്ടുമില്ല. തിങ്കളാഴ്ച ഇതുസംബന്ധിച്ച മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ രാഹുൽ ഒഴിഞ്ഞു മാറുകയായിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, മുതിർന്ന നേതാവ് എം.എം ഹസ്സൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി തുടങ്ങിയ നേതാക്കളൊക്കെ തങ്ങളുടെ പഴയ നിലപാടിൽ നിന്ന് വ്യത്യസ്ഥമായി രാഹുലിനെ അനുകൂലിക്കുന്ന നിലപാടിലേക്കെത്തിയത് ഈ വിഷയത്തിൽ കോൺഗ്രസിലെ ഭിന്നത വ്യക്തമാക്കുന്നതാണ്. ഷാഫി പറമ്പിൽ എം.പിയാണ് രാഹുലിനെ സഭയിലെത്തിക്കാൻ കിണഞ്ഞ് പരിശ്രമിച്ചതെന്നാണ് കോൺഗ്രസ് പാർട്ടിക്കുള്ളിലെ സംസാരം.
താരപ്രചാരകരെ
ഇറക്കാൻ നീക്കം
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുന്ന പാർട്ടിയെ സംഘടനാതലത്തിൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ദേശീയ നേതൃത്വം നീക്കങ്ങൾ നടത്തുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ കൂട്ടത്തോടെ ഉയർന്നത്. സംസ്ഥാനത്തെ നേതാക്കളെ വച്ച് മുന്നോട്ടുപോയാൽ തിരഞ്ഞെടുപ്പിൽ എട്ട് നിലയിൽ പൊട്ടുമെന്നതിനാൽ താരപ്രചാരകരെ ഇറക്കുമതി ചെയ്ത് പ്രചാരണം കൊഴുപ്പിക്കാനാണ് ദേശീയനേതൃത്വത്തിന്റെ നീക്കം. തുടർച്ചയായി രണ്ടുതവണ പ്രതിപക്ഷത്ത് ഒതുങ്ങേണ്ടി വന്ന മുന്നണിയെ അധികാരത്തിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർണായക ഇടപെടലിന് ഹൈക്കമാൻഡിന്റെ തയ്യാറെടുക്കുന്നത്. ഈ നീക്കങ്ങളുടെ ഭാഗമായി ബീഹാറിൽ രാഹുൽ ഗാന്ധി നയിച്ച വോട്ട് ചോരി യാത്രയ്ക്ക് സമാനമായി സംസ്ഥാനത്തെ 14 ജില്ലകളിലും കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പര്യടനം നടത്താനുള്ള കൂടിയാലോചനകളാണ് പുരോഗമിക്കുന്നത് പാർട്ടിയുടെ താര പ്രചാരകരായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംയുക്തമായി പര്യടനം നയിച്ചേക്കുമെന്നാണ് സൂചന. ഇവർക്ക് പുറമെ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സച്ചിൻ പൈലറ്റ് തുടങ്ങിയവരെയും നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങളിൽ സംസ്ഥാനത്ത് സജീവമാക്കാനാണ് നീക്കം. രാഹുലും പ്രിയങ്കയും നേരിട്ട് നയിക്കുന്ന പര്യടനത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ ഈ മാസം അവസാനവാരം കെ.പി.സി.സി നേതൃയോഗം ചേരും. പാർട്ടിയെയും പോഷക സംഘടനകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയ രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തെ അതിജീവിക്കാനും ഹൈക്കമാൻഡ് മേൽനോട്ടം വഹിക്കുന്ന താരപ്രചാരകരുടെ പര്യടനത്തിന് സാധിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |