കൊച്ചി: അമേരിക്കയിൽ മുഖ്യ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ നിക്ഷേപകർ കൈയൊഴിഞ്ഞതോടെ ഡോളറിന്റെ മൂല്യയിടിവ് ശക്തമാകുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രവചനാതീതമായ നീക്കങ്ങൾ അമേരിക്കൻ സാമ്പത്തിക മേഖലയുടെ വിശ്വാസ്യത നഷ്‌ടമാക്കിയതാണ് ഡോളറിന് തിരിച്ചടിയായത്. ഇന്നലെ ഡോളറിനെതിരെ യൂറോയുടെ മൂല്യം നാല് വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന തലത്തിലെത്തി. നടപ്പുവർഷം 14 ശതമാനം വർദ്ധനയാണ് യൂറോയുടെ മൂല്യത്തിലുണ്ടായത്. ട്രംപിന്റെ തീരുവ വർദ്ധന നടപടികൾ അമേരിക്കൻ സാമ്പത്തിക മേഖലയെ കടുത്ത മാന്ദ്യത്തിലേക്ക് തള്ളിയിടുകയാണ്. ഇതോടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് നടപ്പുവർഷം കാൽ ശതമാനം വീതം മൂന്ന് തവണ കുറയ്ക്കുമെന്ന വിലയിരുത്തലും ഡോളറിൽ നിക്ഷേപകർക്ക് താത്പര്യം നഷ്‌ടപ്പെടുത്തുന്നു.
കേന്ദ്ര ബാങ്കുകളും ഡോളർ കൈയൊഴിയുന്നു
ലോകത്തെ പ്രമുഖ കേന്ദ്ര ബാങ്കുകൾ പലതും വിദേശ നാണയ ശേഖരത്തിൽ നിന്നും യു.എസ് സെക്യൂരിറ്റികളും ഡോളറും കുറയ്ക്കാനുള്ള ആലോചനയിലാണ്. ട്രംപിന്റെ തീരുവ യുദ്ധത്തിന് ശേഷം യു.എസ് ബോണ്ടുകൾ വിറ്റുമാറി സ്വർണം വാങ്ങുകയാണ് ചൈന അടക്കമുള്ള രാജ്യങ്ങൾ. അമേരിക്കയുടെ പൊതുകടം അപകടകരമായി ഉയരുന്നതാണ് പ്രധാന വെല്ലുവിളി.
ബ്രിക്സ് രാജ്യങ്ങളുടെ നിലപാട് നിർണായകം
ഉഭയകക്ഷി വ്യാപാരത്തിന് ഡോളറിന് ബദലായി ബ്രിക്സ് രാജ്യങ്ങൾ ഏകീകൃത നാണയം അവതരിപ്പിക്കുന്നതാണ് ഡോളറിന് വെല്ലുവിളി സൃഷ്‌ടിക്കുക. ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിക്കുന്നതും ഡോളറിന് ബദൽ സാദ്ധ്യതകൾ ആലോചിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |