സൈബർ തട്ടിപ്പുകൾ നേരിടാൻ ഉപഭോക്താക്കൾ കരുതിയിരിക്കണം. കഴിഞ്ഞ വർഷം 36 ലക്ഷം കേസുകളിലൂടെ 22,845.73 കോടി രൂപയാണ് സൈബർ, ഡിജിറ്റൽ തട്ടിപ്പുകളിൽ നഷ്‌ടമായത്. 2023ൽ 24.42 ലക്ഷം കേസുകളിൽ 7465.18 കോടി രൂപയുടെ സൈബർ തട്ടിപ്പാണ് നടന്നത്. ഒരു വർഷത്തിനിടെ തുകയിൽ 206 ശതമാനം വർദ്ധനയുണ്ട്. കേരളത്തിൽ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി, സൈബർ ക്രൈമിൽ സ്‌പെഷ്യലൈസ് ചെയ്ത അഭിഭാഷകൻ, ബിഷപ്പ്, ബിസിനസുകാർ, ഡോക്ടർമാർ തുടങ്ങിയവർ ഇരകളായി. കോവിഡാനന്തരം ഓഹരി വിപണി കുതിച്ചുയർന്നതോടെ നിക്ഷേപകർക്ക് വൻ നേട്ടമുണ്ടായി. ഈ സാഹചര്യം കാണിച്ച് ഓൺലൈൻ വ്യാപാരത്തിലൂടെ ഒരുപാട് പണമുണ്ടാക്കാമെന്ന് പ്രലോഭിച്ചാണ് ആളുകളെ കെണിയിലാക്കുന്നത്. ഓഹരി വിപണിയിലെ വരുമാനത്തിന്റെ ചരിത്രം അറിയാത്ത ആളുകളാണ് നൂറും ഇരുന്നൂറും ശതമാനം നേട്ടമുണ്ടാകുമെന്ന പ്രചാരണത്തിൽ വീഴുന്നത്. ഓഹരി വിപണിയിൽ ദീർഘകാലത്തിലാണ് വലിയ സമ്പത്തുണ്ടാകുന്നത്. വിപണിയുടെ ചരിത്രമെടുത്താൽ ദീർഘകാല നിക്ഷേപത്തിലൂടെ ശരാശരി 15 ശതമാനം വാർഷിക നേട്ടമാണ് ലഭിക്കുക. അതിന് ഉറപ്പുമില്ല.
ഓഹരി നിക്ഷേപത്തിൽ ശ്രദ്ധിക്കേണ്ടത്
അമിതമായ വരുമാനം ആര് വാഗ്ദാനം ചെയ്താലും വിശ്വസിക്കരുത്
വിശ്വസനീയമല്ലാത്ത ഓൺലൈൻ ആപ്പുകൾ ഒഴിവാക്കണം
സെബി രജിസ്റ്റേർഡ് ബ്രോക്കർമാരിലൂടെ മാത്രം നിക്ഷേപിക്കുക
വെർച്ച്വൽ അറസ്റ്റ് വെറുതെയാണ്
വെർച്വൽ അറസ്റ്റ് കെണിയും കരുതിയിരിക്കണം. തട്ടിപ്പുകാരുടെ വീഡിയോ കാളിൽ ഫോണിൽ ചിലപ്പോൾ പോലീസ് ഉദ്യോഗസ്ഥനെയോ കോടതി മുറിയോ കാണിച്ചേക്കും. വിവിധ ആരോപണങ്ങൾ ഉന്നയിച്ച് ജയിലിലാക്കുമെന്ന ഭിഷണി കേട്ട് അവർ പറയുന്ന അക്കൗണ്ടിലേക്ക് പണമയച്ചുകൊടുക്കുന്നവർ ഏറെയാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വെർച്വൽ അറസ്റ്റില്ലയെന്ന് മനസ്സിലാക്കുക.
കാശ് തട്ടാൻ എ.ഐ വീഡിയോകൾ
എ.ഐ വീഡിയോ ഉപയോഗിച്ചാണ് മറ്റൊരു തട്ടിപ്പ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ വിപുലമായ തട്ടിപ്പുകൾ സാദ്ധ്യമാണ്. ഒറിജിനൽ വീഡിയോയുടെ ഓഡിയോ മാറ്റിയാണ് കെണിയൊരുക്കുന്നത്. 20,000 രൂപ അടച്ചാൽ എല്ലാ മാസവും രണ്ട് ലക്ഷം രൂപ വീതം കിട്ടുന്ന സ്‌കീമിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. 20,000 രൂപയടച്ചാൽ പ്രതിമാസം രണ്ടു ലക്ഷം കിട്ടാനുള്ള യാതൊരു സാദ്ധ്യതയുമില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസിലാകും. പക്ഷെ നിരവധി വിദ്യാസമ്പന്നരാണ് ഈ സ്‌കീമിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചത്.
ആർത്തി വിനയാകും
ഇത്തരം തട്ടിപ്പുകളിൽ പെടുന്നതിന് മുഖ്യ കാരണം പണത്തോടുള്ള ആർത്തിയാണ്. സാമാന്യബുദ്ധി ഉപയോഗിക്കാത്തവരും കെണിയിൽ വീഴും. വാട്ട്‌സാപ്പ്, ഇമെയിൽ എന്നിവയിലൂടെ വരുന്ന അറിയാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.
ഡോ. വി.കെ. വിജയകുമാർ
(ജിയോജിത് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |