ചെന്നൈ: തമിഴ്നാട്ടിൽ അനാഥരായ കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ നഷ്ടപ്പെടുന്നവർക്കും 18 വയസ് പൂർത്തിയാകുന്നതുവരെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നൽകുന്ന പദ്ധതി 'അൻപ് കരങ്ങൾ' മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. പ്രതിമാസം 2,000 രൂപയാണ് നൽകുന്നത്. 6,082 കുട്ടികൾക്ക് പ്രയോജനം ലഭിക്കും.
മുൻ മുഖ്യമന്ത്രിയും ഡി.എം.കെ സ്ഥാപകനുമായ സി.എൻ. അണ്ണാദുരൈയുടെ ജന്മദിനമായ തിങ്കളാഴ്ചയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ഡി.എം.കെ സർക്കാർ അധികാരത്തെ ഒരു ഉത്തരവാദിത്വമായും സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാനുള്ള മാർഗമായുമാണ് കാണുന്നതെന്ന് ചടങ്ങിൽ പറഞ്ഞു. രാഷ്ട്രീയം എന്നാൽ അധികാരത്തിലെത്തുക, അതോടൊപ്പം വരുന്ന ഉത്തരവാദിത്വങ്ങൾ അവഗണിക്കുക, ചില ജനപ്രിയ പരിപാടികൾ നടപ്പിലാക്കുക, തുടർന്ന് അടുത്ത തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കുക എന്നിവയാണെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഞങ്ങൾ സാധാരണക്കാരുടെ ക്ഷേമത്തിനായി സദാ പ്രവർത്തിച്ചുകൊണ്ട് അധികാരം നിലനിറുത്തുന്നു. രാഷ്ട്രീയം ജനങ്ങളെ സേവിക്കുക എന്നതാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് കഠിനാധ്വാനമാണ്. ഇവിടെ ആഡംബരത്തിന് സ്ഥാനമില്ല- സ്റ്റാലിൻ പറഞ്ഞു.ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മന്ത്രിമാരായ കെ.എൻ. നെഹ്റു, പി. ഗീത ജീവൻ, എം.സുബ്രഹ്മണ്യൻ, പി.കെ.ശേഖർബാബു, ചീഫ് സെക്രട്ടറി എൻ. മുരുകാനന്ദം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |