കുട്ടനാട്: നീരൊഴുക്ക് നിലച്ചതോടെ പോളയും കടകലും വളർന്ന് കുട്ടനാട്ടിലെ ചെറുജലസ്രോതസുകൾ നാശത്തിലേക്ക്. രാമങ്കരി, ചമ്പക്കുളം, നീലമ്പേരൂർ, നെടുമുടി തുടങ്ങിയ പഞ്ചായത്തുകളിൽ ഇത്തരത്തിൽ നാശത്തിലേക്ക് നീങ്ങുന്ന ചെറുതോടുകളുടെ എണ്ണം ഓരോവർഷവും വർദ്ധിച്ചുവരികയാണ്. കുട്ടനാടിന്റെ പരിസ്ഥിതിക്ക് ഇത് വൻ വെല്ലുവെളിയായി മാറിയിട്ടുണ്ട്.
വർഷകാലത്ത് വലിയതോതിൽ വെള്ളപ്പൊക്കത്തിനും വേനൽക്കാലത്ത് കടുത്ത കുടിവെള്ള ലക്ഷാമത്തിനും ഇത് ഇടയാക്കുമെന്ന് മാത്രമല്ല, കെട്ടിക്കിടക്കുന്ന മലിനജലം പകർച്ചവ്യാധികൾക്കും ക്യാൻസർ പോലുള്ള മാരകരോഗങ്ങൾക്കും ഇടയാക്കും. കൈനകരി പോലുള്ള പ്രദേശങ്ങളിൽ നൂറ് കണക്കിന് ആളുകളാണ് ക്യാൻസർ ചികിത്സയുമായി ജീവിതം തള്ളിനീക്കുന്നത്.ഭൂമിശാസ്ത്രപരമായി ഏറെ പ്രാധാന്യമുള്ള കുട്ടനാടിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയിൽ നിർണ്ണായക പങ്കുവഹിക്കുന്ന ചെറു ജലസ്രോതസുകൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.
പരിസ്ഥിതിക്ക് ഭീഷണി
1.റോഡ് ഗതാഗതം ശക്തിപ്പെടുന്നതിന് മുമ്പ് കൃഷി ആവശ്യങ്ങൾക്കും ചരക്ക് നീക്കത്തിനും കുടിവെള്ളത്തിനും പൂർണ്ണമായി ആശ്രയിച്ചിരുന്നത് ഇത്തരം ജലസ്രോതസുകളെയായിരുന്നു
2.കര ഗതാഗതം ശക്തിപ്പെട്ടതോടെ തോടുകളുടെ പ്രാധാന്യം കുറഞ്ഞു. ഇതോടെ ഇവ സംരക്ഷിക്കുന്ന കാര്യത്തിൽ അധികൃതർ പിന്നാക്കം പോയതാണ് പ്രശ്നം കൂടുതൽ രൂക്ഷമാകാൻ കാരണം
3.സർക്കാരിൽ നിന്ന് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഗ്രാന്റിന്റെ ഒരു വിഹിതം ജലസ്രോതസുകളുടെ സംരക്ഷണത്തിന് വിനിയോഗിക്കണമെന്ന് നിയമമുണ്ടെങ്കിലും അധികൃതർ അതിന് മെനക്കെടാറില്ല
വർഷങ്ങളായി മാലിന്യവും മറ്റും ചീഞ്ഞഴകി കിടക്കുന്ന ധാരാളം നാട്ടുതോടുകൾ കുട്ടനാട്ടിലുണ്ട്.ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ചെറുകിട ജലസേചനവകുപ്പ് എന്നിവ തോടുകളുടെ കാര്യത്തിൽ അതീവശ്രദ്ധ കൊടുക്കേണ്ട സമയം അതിക്രമിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തോടുകൾ വൃത്തിയാക്കണം
- തങ്കച്ചൻ വാഴച്ചിറ, ജില്ലാ പ്രസിഡന്റ്, കേരളകോൺഗ്രസ് ജേക്കബ് വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |